അക്കരപ്പാടം തൊണ്ട് പാഴാക്കാതെ മുഴുവനും സംഭരിക്കും: ‘കയര്‍ കേരള’ സംവാദം

വൈക്കം: കയർ ഭൂവസ്ത്രത്തിന്റെ വർദ്ധിച്ച ഉപയോഗം കയറിന്റെ ആവശ്യം വർദ്ധിപ്പിക്കുമെന്നും അതുവഴി അതിന്റെ മുഴുവൻ നേട്ടവും കയർ തൊഴിലാളികളിലെത്തിച്ചേരുമെന്നും കയര്‍ കേരളയോടനുബന്ധിച്ച് നടത്തിയ സംവാദം അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് കയര്‍ കേരള 2017 നടക്കുന്നത്.

കയർ കേരളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് സംവാദമാണ് അക്കരപ്പാടം കയർ സഹകരണ സംഘത്തിൽ നടന്നത്. സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ ചർച്ച നയിച്ചു.

സ്വർണ്ണത്തിനൊപ്പം ദിവസവും കയറിന്റെ വിലയും പ്രസിദ്ധീകരിച്ചിരുന്ന ഒരു സുവര്‍‌ണകാലമുണ്ടായിരുന്നെന്നും കയര്‍ മേഖലയെ ആ കാലത്തിലേക്ക് തിരികെയെത്തിക്കുവാൻ കഴിയണമെന്നും കയർ കോർപ്പറേഷൻ അംഗം എം.കെ ശീമോൻ അഭിപ്രായപ്പെട്ടു. വൈക്കം കയറിന്റെ സൗന്ദര്യത്തെ ഓർത്തെടുത്താണ് വിപ്ലവ ഗായിക പി.കെ മേദിനി സംസാരിച്ച് തുടങ്ങിയത്. സ്വർണ്ണ മുടി എന്നറിയപ്പെട്ടിരുന്ന വൈക്കം കയർ പ്രൗഡിയോടെ നിലനിർത്തേണ്ടതുണ്ട് എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

അക്കരപ്പാടം തൊണ്ട് പാഴാക്കാതെ സംഭരിക്കുവാൻ എല്ലാ വാർഡുകളിലും തൊണ്ട് സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അക്കരപ്പാടം കയർ സംഘം പ്രസിഡന്റ് എ.പി.നന്ദകുമാർ പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, കയർ അപക്സ് ബോഡി അംഗം രമ കെ.ബി, കയർ പ്രോജക്ട് ഓഫീസർ സുധാ വർമ്മ എന്നിവരും കയർപിരി തൊഴിലാളികളും സംവാദത്തിൽ പങ്കെടുത്തു.

പടം

akkarappadam debate

 

കയര്‍ കേരളയോടനുബന്ധിച്ച് വൈക്കം അക്കരപ്പാടം കയര്‍ സഹകരണ സംഘത്തില്‍ നടന്ന സംവാദം

Share This

Coir Kerala