ഇതര സംസ്ഥാനങ്ങളിലേക്കുള്ള ആദ്യ ലോഡ് ഇന്ന് (ബുധന്‍) കയറ്റിയയക്കും

കയര്‍ കേരള: ഇതര സംസ്ഥാനങ്ങളിലേക്കുള്ള ആദ്യ ലോഡ് ഇന്ന് (ബുധന്‍) കയറ്റിയയക്കും

ആലപ്പുഴ: ആഭ്യന്തര വിപണിയിലുള്‍പ്പെടെ കയര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് ലാഭമുണ്ടാക്കാനുള്ള കയര്‍ കേരളയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് മേള തുടങ്ങുന്നതിനു മുന്‍പ് സാര്‍ഥകമാകുകയാണ്. കേരളത്തിന്റെ സ്വന്തം കയറുല്‍പന്നങ്ങള്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ ബ്രാന്‍ഡു ചെയ്യുന്നതിന്റെ ഭാഗമായുള്ള ആദ്യത്തെ ലോഡ് ബുധനാഴ്ച കയറ്റിയയക്കും. കയര്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ വൈകിട്ട് നാലിന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷനായിരിക്കും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ പങ്കെടുക്കും.

ഏതാണ്ട് 60 ലക്ഷം രൂപയ്ക്കു മുകളില്‍ വില വരുന്ന അഞ്ച് ലോഡ് കയര്‍ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടമായി ആലപ്പുഴയില്‍ നിന്ന് കേരളത്തിനു വെളിയിലേക്കു പോകുന്നത്. ഉത്തരേന്ത്യയിലും മറ്റും വിപണി വിപുലപ്പെടുത്താനും ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാനും ന്യൂഡല്‍ഹിയില്‍ ഗോഡൗണ്‍ തുറന്നിട്ടുണ്ട്. അവിടേക്കുള്ള ആദ്യ ലോഡും ഇന്ന് കയറ്റിയയക്കുന്നതില്‍ ഉള്‍പ്പെടും. കൊല്‍ക്കൊത്ത, ന്യൂഡല്‍ഹി, ലക്നൗ, അഹമ്മദാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും വിപണി വിപുലമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണ്.

കയര്‍ കേരള: ക്യു ആര്‍ കോഡ് ഹണ്ട് ഇന്നു രാവിലെ 9ന്

ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ക്യു ആര്‍ കോഡ് ഹണ്ട് ഇന്ന് (ബുധന്‍) രാവിലെ 9ന് കയര്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ ചലച്ചിത്ര തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ ഉദ്ഘാടനം ചെയ്യും. വ്യക്തികള്‍ക്കും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഒന്നാം സമ്മാനമായി പതിനായിരം രൂപയും രണ്ടാം സമ്മാനമായി അയ്യായിരം രൂപയും നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട് ഫോണുമായി ഒന്‍പതു മണിക്കു മുന്‍പായി കയര്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് 9048763953 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കയര്‍ കേരള: സാംസ്കാരിക ഘോഷയാത്ര എസ്ഡിവി സ്റ്റേഡിയത്തില്‍ തുടങ്ങും

ആലപ്പുഴ: കയര്‍ കേരള 2017ന് തുടക്കം കുറിച്ച് നഗരത്തില്‍ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ഡിവി സ്റ്റേഡിയത്തില്‍‌ ആരംഭിക്കും. ജില്ലാ കോടതി പാലം, മുല്ലയ്ക്കല്‍, എവിജെ ജംഗ്ഷന്‍, സീറോ ജംഗ്ഷന്‍, ഇരുമ്പുപാലം വഴി കയര്‍ കേരള നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തില്‍ സമാപിക്കും.

ആലപ്പുഴ, കായംകുളം, വൈക്കം പ്രൊജക്ട് ഓഫീസുകളുടെ പരിധിയിലെ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡ്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, വിവിധ കയറ്റുമതി സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ജീവനക്കാരും തൊഴിലാളികളും അടക്കം ആയിരക്കണക്കിനാളുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. പഞ്ചവാദ്യം, അമ്മന്‍കുടം, പഞ്ചാരിമേളം, ശിങ്കാരിമേളം, ശിവപാര്‍വ്വതി നൃത്തം, തെയ്യം, കരകം, മയിലാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ക്കൊപ്പം പട്ടണത്തിലെ സ്കൂളുകളിലെ ബാന്റ് സംഘങ്ങളും അണിനിരക്കും. വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫ്ളോട്ടുകളും സജ്ജമാകുന്നുണ്ട്.

ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍‌ ഗതാഗത തടസ്സം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ ഘോഷയാത്ര സഞ്ചരിക്കൂ. പ്രധാന കേന്ദ്രങ്ങളില്‍ വോളണ്ടിയര്‍മാരുടേയും പൊലീസിന്റേയും സഹായത്തോടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും റോഡ് മുറിച്ചു കടന്നുപോകാനുള്ള സൗകര്യമുണ്ടാക്കും.

ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പകല്‍ 2.30നു തന്നെ ടൗണില്‍ പ്രവേശിച്ച് എസ്ഡിവി സ്റ്റേഡിയത്തില്‍ ആളുകളെ ഇറക്കിയശേഷം ബീച്ചിലുള്ള റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തി പാര്‍ക്കു ചെയ്യണം. കയര്‍ കേരളയുടെ ഉദ്ഘാടന ചടങ്ങ് അവസാനിക്കുന്ന മുറയ്ക്ക് ഇഎംഎസ് സ്റ്റേഡിയത്തിനു സമീപമെത്തി പ്രവര്‍ത്തകരെ കയറ്റി മടങ്ങിപ്പോകണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കയര്‍ കേരള: മല്‍സരങ്ങള്‍ക്ക്  ഇഎംഎസ് സ്റ്റേഡിയം വേദിയാകും

ആലപ്പുഴ: കയര്‍ കേരള 2017നോടനബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ കലാ മല്‍സരങ്ങള്‍ക്ക് ഒക്ടോബര്‍ അഞ്ചിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമാകും. ആലപ്പുഴ പ്രൊജക്ടിലെ കയര്‍ തൊഴിലാളി കുടുംബാംഗങ്ങള്‍ക്കു വേണഅടിയുള്ള ലളിതഗാന മല്‍സരത്തിന്റെ ആദ്യ റൗണ്ട് അഞ്ചിന് രാവിലെ പത്തു മണിക്കു നടക്കും. തിരുവാതിര, കോലടി, വഞ്ചിപ്പാട്ട്, സംഘഗാനം, നാടന്‍ പാട്ട് മല്‍സരങ്ങള്‍ ആറിന് രാവിലെ പത്തിനു തുടങ്ങും. കുട്ടികളുടെ കരകൗശല പ്രദര്‍ശന മല്‍സരം ആറിന് പത്തരയ്ക്കും നടക്കും. നാടന്‍ വിഭവങ്ങളുടെ മല്‍സരമാണ് ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുക.

കുട്ടികള്‍ക്കുള്ള ചിത്രരചന, ലളിതഗാനമല്‍സരങ്ങള്‍ ഏഴിന് രാവിലെ പത്തിനും മുതിര്‍ന്നവര്‍ക്കുള്ള ലളിതഗാനമല്‍സരം 11.30നും നടക്കും. കയര്‍ മേഖലയ്ക്ക് ഉപയുക്തമാകുന്ന നൂതന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമല്‍സരം ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും. വിവിധ പ്രൊജക്ടുകള്‍ക്കു കീഴില്‍ നടന്ന കയര്‍ തൊഴിലാളി കുടുംബാംഗങ്ങളുടെ ലളിതഗാന മല്‍സരങ്ങളുടെ ഫൈനല്‍ ഏഴിന് രണ്ടു മണിക്കാണ് നടക്കുന്നത്.

പടം

Coir Kerala_Bike Rally

കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിംഗ്സ് അസോസിയേഷന്‍ ആലപ്പുഴ സംഘടപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലി കൊമ്മാടിയില്‍ കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു ഫ്ളാഗ് ഓഫ് ചെയ്യുന്നു.

Share This

Coir Kerala