ഇതര സംസ്ഥാനങ്ങളിലേക്കുള്ള ആദ്യ ലോഡ് കയറ്റിയയച്ചു

ആലപ്പുഴ: ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനായി പ്രത്യേക കമ്പനിക്ക് രൂപംനല്‍കുമെന്ന് ധനകാര്യ കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ കയറുല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരില്ലാത്തതല്ല, അവയെപ്പറ്റി കൃത്യമായി അറിയില്ലാത്തതാണ് വിപണി ശുഷ്കമാകാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതരസംസ്ഥാനങ്ങളിലേക്കുള്ള ആദ്യത്തെ ലോഡ് കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കയര്‍ കോര്‍പ്പറേഷനില്‍ മന്ത്രി തോമസ് ഐസക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ ഡയറക്ടര്‍ എന്‍. പദ്മകുമാര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേഷ്, പി.ജ്യോതിസ് എന്നിവര്‍ പങ്കെടുത്തു.

ഏതാണ്ട് 60 ലക്ഷം രൂപയ്ക്കു മുകളില്‍ വില വരുന്ന അഞ്ച് ലോഡ് കയര്‍ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടമായി ആലപ്പുഴയില്‍ നിന്ന് കേരളത്തിനു വെളിയിലേക്കു പോകുന്നത്. ഉത്തരേന്ത്യയിലും മറ്റും വിപണി വിപുലപ്പെടുത്താനും ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാനും ന്യൂഡല്‍ഹിയില്‍ ഗോഡൗണ്‍ തുറന്നിട്ടുണ്ട്. അവിടേക്കുള്ളതിനൊപ്പം കൊല്‍ക്കൊത്ത, ലക്നൗ, അഹമ്മദാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയച്ചു.  മറ്റു സംസ്ഥാനങ്ങളിലും വിപണി വിപുലമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണ്.

 

കയര്‍ കേരള: ക്യു ആര്‍ കോഡ് ഹണ്ട് വിജയികള്‍

ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്യു ആര്‍ കോഡ് ഹണ്ടില്‍ ആലപ്പുഴ യുഐടിയിലെ അരുണ്‍ പ്രസാദ് 10000 രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായി. ക്രീം പാക്സ് പ്രൈവറ്റ് ലിമിറ്റഡിലെ ആര്‍. രാഹുല്‍ 5000 രൂപയുടെ രണ്ടാം സമ്മാനത്തിനും യുഐടിയിലെ തന്നെ എം. വിഷ്ണു 2500 രൂപയുടെ മൂന്നാം സമ്മാനത്തിനും അര്‍ഹരായി. സെന്റ് ജോസഫ്സ് കോളജിലെ എയ്ഞ്ചല്‍ മറിയം ജോസിനാണ് നാലാം സ്ഥാനം (1000 രൂപ).

കയര്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ ചലച്ചിത്ര തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ ക്യു ആര്‍ കോഡ് ഹണ്ട് ഉദ്ഘാടനം ചെയ്തു.  ആലപ്പുഴ നഗരത്തില്‍ കയറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ക്യു.ആര്‍ കോഡുകള്‍ സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ കണ്ടെത്തുന്നതായിരുന്നു മല്‍സരം. രണ്ടു മണിക്കൂര്‍ സമയമാണ് ഇതിനായി അനുവദിച്ചത്. ആലപ്പുഴയുടെ ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ക്യു. ആര്‍ ആലപ്പുഴ എന്ന പദ്ധതിക്ക് രൂപംകൊടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ക്യു.ആര്‍ കോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

പടങ്ങള്‍

coir kerala_QR Code

കയര്‍ കേരളയോടനുബന്ധിച്ച് നടത്തിയ ക്യു ആര്‍ കോഡ് ഹണ്ട് ചലച്ചിത്ര തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

coir kerala_export

കയര്‍ കേരളയോടനുബന്ധിച്ച്, കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ആദ്യ ലോഡ് കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിവിടുന്നതിന്റെ ഉദ്ഘാടനം ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കുന്നു.

Share This

Coir Kerala