കയര്‍മേഖലയെ കാത്തിരിക്കുന്നത് സമഗ്രമായ യന്ത്രവല്‍ക്കരണം

ആലപ്പുഴ: സമഗ്രമായ യന്ത്രവല്‍ക്കരണത്തിലൂടെ കയര്‍ മേഖലയുടെ നവീകരണത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി കയര്‍ സഹകരണസംഘങ്ങളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി കയര്‍ വ്യവസായ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായമേകാനും പുതിയ തലമുറയെ കയര്‍ വ്യവസായത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. കയര്‍ മേഖലയിലെ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും സംബന്ധിച്ച വ്യക്തമായ പദ്ധതികള്‍ക്ക് കയര്‍ കേരള 2017ല്‍ രൂപം നല്‍കും.

തൊണ്ടുതല്ലി ചകിരിനാരുകള്‍ വേര്‍തിരിച്ചെടുക്കുന്നതുമുതല്‍ കയര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണം വരെ പൂര്‍ണമായും യന്ത്രവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ യന്ത്രസാമഗ്രികളില്‍ ഏറെയും പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന കയര്‍ യന്ത്ര നിര്‍മാണ കമ്പനിയാണ് വികസിപ്പിച്ച് നിര്‍മിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള ടഫ്റ്റഡ് മാറ്റുകളുടെയും മറ്റും നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും.

പരമ്പരാഗത റാട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് റാട്ടുകളിലേക്ക് തൊഴിലാളികളെ മാറ്റുന്നതാണ് നവീകരണത്തില്‍ പ്രധാനം. കയര്‍ കേരളയോടനുബന്ധിച്ച് പുതുതായി എണ്ണായിരം കയര്‍ തൊഴിലാളികള്‍ക്കെങ്കിലും  സഹകരണ സംഘങ്ങള്‍വഴി ഇലക്ട്രോണിക് റാട്ടുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനകാര്യ- കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ കയര്‍ തൊഴിലാളികളേയും ഇലക്ട്രോണിക് റാട്ടിലേക്ക് മാറ്റും. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. കൈകൊണ്ട് ചകിരി പിരിക്കുന്ന പരമ്പരാഗത റാട്ടുകളില്‍ ഒരാള്‍ക്ക് ഒരു ദിവസം പരമാവധി ആറോ ഏഴോ കിലോ കയര്‍ മാത്രമേ പിരിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. അതേസമയം ഇലക്ട്രോണിക് റാട്ടുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് ഇരട്ടിയാക്കി ഉയര്‍ത്താനാകും. ഇതിലൂടെ കയര്‍പിരിക്കുന്നവരുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കും. ചെറുതും ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ളവയുമാണ്  ഇലക്ട്രോണിക് റാട്ടുകള്‍.

കയര്‍ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയായ ചകിരിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനും യന്ത്രവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ചെറുകിട മേഖലയ്ക്ക് ഉപയുക്തമാകുന്ന ഡീഫൈബറിംഗ് മെഷീനുകള്‍ കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം. കേരളത്തിലുടനീളം ഉല്‍പാദിപ്പിക്കപ്പെടുന്ന തൊണ്ടുകള്‍ ശേഖരിച്ച് ഡീഫൈബറിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ചകിരിയാക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറേയേറെ പരിഹാരമാകും. ഒരു മണിക്കൂര്‍ സമയം കൊണ്ട് ആയിരം പച്ചത്തൊണ്ട് തല്ലി നാരുകള്‍ വേര്‍പെടുത്താന്‍ ഈ യന്ത്രത്തിലൂടെ സാധിക്കും. മാത്രമല്ല, ചകിരിച്ചോറ്, പൊടി തുടങ്ങിയവ പ്രത്യേകം വേര്‍തിരിച്ച് വളം നിര്‍മാണത്തിനുള്‍പ്പെടെ ഉപയുക്തമാക്കാനും സാധിക്കും. കരിക്കിന്റെ തൊണ്ട് തല്ലി നാരും പിത്തും വേര്‍തിരിക്കുന്നതിനുള്ള യന്ത്രവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇവ വ്യാപകമാക്കിയാല്‍ കരിക്കിന്‍ തൊണ്ടുകളുടെ മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ ചകിരിനാരുകള്‍ കയര്‍ വ്യവസായ മേഖലയില്‍ ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Share This

Coir Kerala