‘കയര്‍മേഖലയ്ക്കുവേണ്ടത് ഇതരസംസ്ഥാനങ്ങളോട് പൊരുതാനുള്ള ശേഷി’

ആലപ്പുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കയറിനോടും ചകിരിയോടും പോരാടി നില്‍ക്കാനുള്ള ശേഷി കൈവരിച്ചാല്‍ മാത്രമേ കേരളത്തിലെ കയര്‍ മേഖലയ്ക്ക് അതിജീവനം സാധ്യമാകുകയുള്ളുവെന്നും അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ആലപ്പുഴ ജില്ലയിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാര്‍ പങ്കെടുത്ത സംവാദം ചൂണ്ടിക്കാട്ടി. കയര്‍ കേരള 2017നോടനുബന്ധിച്ച് മുഹമ്മ ലേബേഴ്സ് മാറ്റ്സ് ആന്‍ഡ് മാറ്റിംഗ്സ് സൊസൈറ്റിയിലാണ് സംവാദം നടന്നത്.

കയര്‍ മേഖലയില്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ തൊഴില്‍ഭാരം ലഘൂകരിക്കാനുമുതകുന്ന യന്ത്രസാമഗ്രികള്‍ ആലപ്പുഴയിലെ കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറിയില്‍ നിര്‍മിച്ചുവരികയാണെന്ന് കമ്പനിയുടെ ചെയര്‍മാന്‍ കെ.പ്രസാദ് പറഞ്ഞു. കേരളത്തിലെ ആവശ്യത്തിനൊപ്പം ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇവയ്ക്ക് ആവശ്യക്കാര്‍ വരുന്നുണ്ടെന്നും യന്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ പല സംസ്ഥാനങ്ങളുമായും ധാരണയിലേര്‍പ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടില്‍ നിന്നെത്തുന്ന വിലകൂടിയ ചകിരി വാങ്ങേണ്ടിവരുന്നതാണ് ആലപ്പുഴയിലെ കയര്‍തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സി.വി.ചന്ദ്രബാബു പറഞ്ഞു. കേരളത്തില്‍ നിന്നുതന്നെ ചകിരി സംഭരിക്കാനായാല്‍ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നും ഉല്‍പന്ന വൈവിധ്യവല്‍‌ക്കരണം കൂടി ഉണ്ടായാല്‍ കയര്‍ മേഖല രക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തീരദേശമേഖലയില്‍ കടലാക്രമണം തടയുന്നതിന് കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന പദ്ധതി വലിയ വിജയമാണെന്ന് ഫോം മാറ്റിംഗ്സ് ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍ ചൂണ്ടിക്കാട്ടി. ഓമനപ്പുഴ തീരത്ത് ഇത് വിജയകരമായി പരീക്ഷിക്കപ്പെട്ടുകഴിഞ്ഞു. ഇറിഗേഷന്‍ വകുപ്പ് ഇതിന് അംഗീകാരം നല്‍കി. ആലപ്പുഴ ജില്ലയിലെ പത്തു കേന്ദ്രങ്ങളിലായി മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കയര്‍ ബാഗുകള്‍ ഉപയോഗിച്ച് തീരസംരക്ഷണം നടത്താന്‍ പദ്ധതിയിട്ടിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പല ജില്ലകളില്‍ നിന്നും ചകിരിയാക്കുന്നതിനായി തൊണ്ട് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും അത് ഇവിടെത്തന്നെ വിനിയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും എല്‍എംഎം സൊസൈറ്റിയിലെ ടി.കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കയര്‍ കയറ്റുമതി മേഖലയിലുള്ള വന്‍കിടക്കാര്‍ തൊഴില്‍ മേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന രീതി അവസാനിപ്പിച്ച് വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു. കയര്‍ ഫാക്ടറിയുടെ ഉള്ളില്‍ നടന്ന സംവാദത്തില്‍ തൊഴിലാളികളും സജീവമായി പങ്കെടുത്തു. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പേജ് വഴി തല്‍സമയ വെബ്കാസ്റ്റിംഗും നടത്തി.

Share This

Coir Kerala