കയര്‍: ആഭ്യന്തര വിപണിയിലെ അനുകൂല സാഹചര്യം മുതലാക്കണമെന്ന് സെമിനാര്‍

ആലപ്പുഴ: കയര്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യന്‍ ആഭ്യന്തര വിപണിയിലുള്ള അനുകൂലസാഹചര്യങ്ങളും വര്‍ധിച്ച ആവശ്യവും മുതലാക്കാന്‍ നടപടികള്‍ വേണമെന്ന് കയര്‍ കേരളയോടനുബന്ധിച്ച് നടന്ന ആദ്യത്തെ സെമിനാറില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കയറിന്റെ ആഭ്യന്തര വിപണി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റിയാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുത്ത സെമിനാര്‍ ചര്‍ച്ച ചെയ്തത്.

കേരളത്തിലെ കയര്‍ തൊഴിലാളികള്‍ പരിചയസമ്പന്നരാണ്. അതുകൊണ്ടുതന്നെ ഏറെ ഗുണമേന്മയുള്ള ഉല്‍പന്നങ്ങളാണ് ഇവിടെയുണ്ടാകുന്നത്. ഇന്ത്യയിലാകട്ടെ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. അവരിലേക്ക് ഗുണമേന്മയുള്ള കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള മാര്‍ഗങ്ങളാണ് ഉണ്ടാകേണ്ടത്. കയര്‍ ഭൂവസ്ത്രം, പിവിസി ടഫ്റ്റഡ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം കൊടുക്കണം. നിലവില്‍ വ്യത്യസ്ത സ്ഥാപനങ്ങള്‍ക്കു കീഴില്‍ പല തരത്തില്‍ ബ്രാന്‍ഡ് ചെയ്യുന്ന കയര്‍ ഉല്‍പന്നങ്ങളെ കേരളത്തിന്റെ കയര്‍ ഉല്‍പന്നമെന്ന നിലയില്‍ ഒറ്റ ബ്രാന്‍ഡാക്കി വേണം വിപണിയില്‍ എത്തിക്കാനെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന തൊണ്ടിന്റെ അഞ്ചു ശതമാനം മാത്രമാണ് കയറുണ്ടാക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നത്. ബാക്കി മുഴുവനും പാഴായിപ്പോകുകയാണ്. കേരളത്തിന് ആവശ്യമുള്ള ചകിരിയുടെ 10 ശതമാനം മാത്രമാണിത്. കുടുംബശ്രീ പോലുള്ള സംവിധാനങ്ങളിലൂടെ വീടുകളില്‍ നിന്ന് തൊണ്ട് സംഭരിച്ച് വികേന്ദ്രീകൃതവും യന്ത്രവല്‍കൃതവുമായ തൊണ്ടുതല്ലല്‍ കേന്ദ്രങ്ങളിലൂടെ നാരുകളാക്കി മാറ്റിയാല്‍ കയര്‍ മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധിയായ ചകിരിയുടെ ക്ഷാമം പരിഹരിക്കാനാകുമെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.

ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ.ടി.​എം.തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തി. ഡെലോയിറ്റ് കണ്‍സള്‍ട്ടന്റ് അജിത് മത്തായി വിഷയം അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജയന്‍ ജോസ് തോമസ് അധ്യക്ഷത വഹിച്ചു. എഫ്ഐസിഇഎ ചെയര്‍മാന്‍ വിവേക് വേണുഗോപാല്‍ മോഡറേറ്ററായിരുന്നു. കൊല്‍ക്കത്ത ഐഐഎമ്മിലെ റിട്ട. പ്രൊഫസര്‍ സുശീല്‍ ഖന്ന, ഫോംമാറ്റിംഗ്സ് എംഡി ഡോ.എസ്.രത്നകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് അഡ്വൈസര്‍ ജി.എന്‍.നായര്‍, വി.ആര്‍.പ്രസാദ് (ടിഎംസിസി), കെ.ജെ.ഡെന്നിസ് (ഡിസി മില്‍സ്), കയര്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ജിതേന്ദ്ര പാണ്ഡെ, ഝാര്‍ക്കണ്ട് ക്രാഫ്റ്റ് സിഇഒ രേണുക ജി. പണിക്കര്‍, കെഎസ്‌സിഎംഎംസി ചെയര്‍മാന്‍ കെ. പ്രസാദ്, കയര്‍ ഡയറക്ടര്‍‌ എന്‍. പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share This

Coir Kerala