കയര്‍ കേരളയ്ക്കു മുന്നോടിയായി ‘കയര്‍ ചാപ്ര’യും വന്‍ ബാനറും

ആലപ്പുഴ:  കയര്‍ കേരള 2017നോടനുബന്ധിച്ച് ആലപ്പുഴയില്‍ പരമ്പരാഗത രീതിയിലുള്ള ‘കയര്‍ ചാപ്ര’യും 500 മീറ്റര്‍ നീളമുള്ള കയര്‍ പായയില്‍ വന്‍ ബാനറും ഒരുങ്ങുന്നു. ചാപ്രയുടെ ഉദ്ഘാടനം ശനിയാഴ്ചയും (30.09.2017) ബാനറില്‍ ചിത്രം വരയ്ക്കല്‍ ഞായറാഴ്ചയുമാണ് (01.10.2017) നടക്കുക.

പൊലീസ് ഔട്പോസ്റ്റ് ജംഗ്ഷനിലെ ആലൂക്കാസ് ജൂവലറി അങ്കണത്തിലാണ് പരമ്പരാഗത രീതിയിലുള്ള ചാപ്ര തയ്യാറാക്കുന്നത്. 12 അടി നീളവും ആറ് അടി വീതിയുമുള്ള ചാപ്രയില്‍ രണ്ടു തറികളാണ് സജ്ജീകരിക്കുന്നത്. ഒരെണ്ണത്തില്‍ കയര്‍ പായയും രണ്ടാമത്തേതില്‍ ചകിരിത്തടുക്കും നെയ്യും. പരമ്പരാഗത കയര്‍തൊഴിലാളികള്‍ ഇവ എങ്ങിനെയാണ് നെയ്തെടുക്കുന്നതെന്നു നേരിട്ടു കാണാനുള്ള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ സംഘാടകര്‍ ചെയ്യുന്നത്. ആലപ്പുഴയിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ കയര്‍ നെയ്ത് നേരിട്ട് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ചാപ്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കയര്‍ കേരള സമാപിക്കുന്ന ഒക്ടോബര്‍ ഒന്‍പതുവരെ എല്ലാദിവസവും ഇവിടെ തല്‍സമയ നെയ്ത്ത് ഉണ്ടാകും.

കയര്‍ കേരളയുടെ പ്രചരണാര്‍ഥം ആലപ്പുഴ ബീച്ചിലാണ് അര കിലോമീറ്റര്‍ നീളത്തില്‍ കയര്‍ പായില്‍ ചിത്രരചന നടക്കുന്നത്. ലളിതകലാ അക്കാദമിയുമായി ചേര്‍ന്നാണ് കയര്‍ ചിത്രം ഒരുക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ചിത്രരചന ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷനായിരിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ്, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. സായികുമാര്‍, ഫോമാറ്റിംഗ്സ് ചെയര്‍മാന്‍ അഡ്വ. കെ.ആര്‍.ഭഗീരഥന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍ എന്നിവര്‍ പങ്കെടുക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപത്തഞ്ചോളം ചിത്രകാരന്മാരാണ് കയര്‍ പായയില്‍ ചിത്രങ്ങള്‍ വരയ്ക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതലത്തില്‍ ദൈര്‍ഘ്യമേറിയ ചിത്രരചന നടത്തുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസാണ് ക്യൂറേറ്റര്‍. കയര്‍ ചിത്രത്തിന്റെ ഭാഗമായി ചിത്രം വരയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ 9048763953 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

തോമസ് ഐസക്കിന്റെ പുസ്തകപ്രകാശനം 30ന്

ആലപ്പുഴ: കയര്‍ മേഖലയുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് രചിച്ച പുസ്തകം ‘കയര്‍ പുനര്‍ജനി’യുടെ പ്രകാശനം 30ന് നടക്കും. കയര്‍ യന്ത്ര നിര്‍മാണ കമ്പനിയുടെ ചുങ്കം ഓഫീസിനോടനുബന്ധിച്ചുള്ള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യും. കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു ആദ്യപ്രതി സ്വീകരിക്കും. കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് പങ്കെടുക്കും.

കയര്‍ കേരള സംഘാടക സമിതി യോഗം

ആലപ്പുഴ: കയര്‍ കേരള 2017 സംഘാടക സമിതി പൊതുയോഗം 30ന് രാവിലെ 11ന് കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറിയുടെ ചുങ്കം ഓഫീസില്‍ ചേരും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പങ്കെടുക്കും.

Share This

Coir Kerala