കയര്‍ കേരളയ്ക്ക് അഞ്ചിനു തിരിതെളിയും

ആലപ്പുഴ: ഏഴാമത് കയര്‍ കേരള ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് നാലരയ്ക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കയര്‍ വ്യവസായത്തെ കേരളത്തില്‍ പിടിച്ചുനിറുത്തുന്നതിനും പഴയ പ്രാമാണികത്വം ഒരു പരിധിവരെയെങ്കിലും വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ കയര്‍ കേരളയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ധനകാര്യ കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.​എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 39 രാജ്യങ്ങളില്‍ നിന്നായി 140 പ്രതിനിധികള്‍ ഇതിനോടകം കയര്‍ കേരളയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 150 ആഭ്യന്തര പ്രതിനിധികളും മേളയില്‍ പങ്കെടുക്കും. ഒന്‍പതു വരെ അഞ്ചു ദിവസങ്ങളിലായാണ് മേള നടക്കുന്നത്.

കയര്‍ വ്യവസായത്തിന്റെ അടിമുടിയുള്ള ആധുനീകരണവും പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്ന കയര്‍ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതും ലക്ഷ്യം വച്ചുള്ള നടപടികളാണ് കയര്‍ വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ‘കയര്‍- പൈതൃകവും നവീകരണവും’ എന്ന പ്രമേയം കയര്‍ കേരളയ്ക്ക് സ്വീകരിക്കാനുള്ള കാരണവുമിതാണ്. കയര്‍ സഹകരണ സംഘങ്ങളുടെ ആധുനീകരണത്തിലൂന്നിയ ഒരു രണ്ടാം കയര്‍ പുനഃസംഘടനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ പ്രഖ്യാപനം കയര്‍ കേരളയില്‍ നടക്കും. വരുന്ന അഞ്ചു കൊല്ലംകൊണ്ട് കയര്‍ മേഖലയുടെ ആധുനീകരണത്തിന് ഏതാണ്ട് 1300ല്‍ അധികം കോടി രൂപ മുതല്‍ മുടക്കുന്ന വിപുലമായ ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. നാളികേരം ഇടുന്നതുമുതല്‍ കയര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ നവീന സാങ്കേതിക വിദ്യകളുടെ പ്രയോഗമാണ് ഈ പുനഃസംഘടനാ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചകിരിക്കുവേണ്ടി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിന് അറുതിവരുത്താനും കയറുല്‍പന്നങ്ങളുടെ ഉപയോഗ മേഖലകള്‍ വിപുലീകരിക്കാനും  ഊര്‍ജിത ശ്രമങ്ങള്‍ നടക്കുകയാണ്.

കയര്‍ വ്യവസായത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് കയര്‍ കേരളയുടെ അജണ്ടയും രൂപപ്പെടുത്തിയിരിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി മണ്ണു, ജല സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള സാമാന്യം വലിയൊരു കരാറിന് ഈ കയര്‍ കേരളയില്‍ ധാരണയാകും. എഴുനൂറു പഞ്ചായത്തുകള്‍ ഈ സാമ്പത്തിക വര്‍ഷം കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നൂറിലധികം കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്നതിനുള്ള കരാറിലാണ് പഞ്ചായത്തുകളും തൊഴിലുറപ്പ് മിഷനും കയര്‍ വകുപ്പും ചേര്‍ന്ന് ഒപ്പുവയ്ക്കുന്നത്. കൈത്തറി കയര്‍ ഉല്‍പന്നങ്ങളുടെ ആഭ്യന്തര വിപണി ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളും ഫലവത്താകുന്നതിന്റെ സൂചനകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിനു വെളിയിലുള്ള ആഭ്യന്തര വിപണിയില്‍ കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്കുള്ള ആദ്യലോഡ് നാലിന് ആലപ്പുഴയില്‍ നിന്ന് കയറ്റിയയക്കുകയാണ്. ഇതിന്റെ ഫ്ളാഗ് ഓഫ് പരിപാടി തന്നെ മേളയുടെ വിജയത്തിലേക്കുള്ള ചൂണ്ടുപലകയായിരിക്കും.

വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മേളയ്ക്ക് തിരിതെളിക്കും. അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പുകളുടെ മന്ത്രി ശ്രീ. ജി.സുധാകരനും ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ശ്രീ. പി. തിലോത്തമനും ടൂറിസം- മ്യൂസിയം പവലിയന്‍ ഗതാഗത വകുപ്പു മന്ത്രി ശ്രീ. തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും. സംസ്കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും.

 തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളിലായി ദേശീയ സെമിനാറുകളും കലാപരിപാടികളും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. സെമിനാറുകള്‍ ചുങ്കത്ത് കയര്‍ യന്ത്രനിര്‍മാണ കമ്പനിയുടെ ഹാളിലാണ് നടക്കുക. ഒക്ടോബര്‍ ഏഴിന് രാവിലെ പത്തിന് ഹോട്ടല്‍ റമദയില്‍ നടക്കുന്ന ബയര്‍- സെല്ലര്‍ മീറ്റ് വ്യവസായ, കായിക, യുവജനകാര്യ വകുപ്പുകളുടെ മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ എട്ടിനു നടക്കുന്ന കയര്‍ ഭുവസ്ത്ര ധാരണാപത്ര സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി.ജലീല്‍, ജലവിഭവ വകുപ്പു മന്ത്രി ശ്രീ മാത്യു ടി. തോമസ്, ശ്രീമതി യു.പ്രതിഭാ ഹരി എം.എല്‍.എ, ആസൂത്രണ ഹോര്‍ഡ് അംഗം ഡോ. കെ.എന്‍.ഹരിലാല്‍, മുന്‍ ചീഫ് സെക്രട്ടറി ശ്രീ. എസ്.എം.വിജയാനന്ദ്, ഹരിതകേരളം വൈസ് ചെയര്‍ പേഴ്സണ്‍ ഡോ. ടി.എന്‍. സീമ തുടങ്ങിയവര്‍ പങ്കെടുക്കും. ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 9.30നു നടക്കുന്ന രണ്ടാം കയര്‍ വ്യവസായ പുനഃസംഘടന സെമിനാര്‍  സഹകരണ, ടൂറിസം വകുപ്പുകളുടെ മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ ശ്രീ. വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പു മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും.

രാജ്യാന്തര പവലിയനും അതിനെ കിടപിടിക്കുന്ന കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ ദേശീയ പവലിയനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ​എല്ലാ ദിവസവും ദേശീയ പവലിയന്‍ സന്ദര്‍ശിക്കാം. കലാ പരിപാടികള്‍ നടക്കുന്ന സദസ്സില്‍ 1500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എ.എം.ആരിഫ് എംഎല്‍എ, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സി.ഡി. പ്രകാശനം ചെയ്തു

ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് തയ്യാറാക്കിയ സി.ഡി ‘കയറിന്റെ വര്‍ണോല്‍സവം’ കളക്ടര്‍ ടി.വി.അനുപമ പ്രകാശനം ചെയ്തു. ഗായികയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമ സി.ഡിയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി. മന്ത്രി ഡോ. ടി.എം.തോമസ് ഐസക്, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ ​എന്നിവര്‍ പങ്കെടുത്തു.

കയര്‍ മേഖലയുമായി ബന്ധപ്പെട്ട ഏഴു ഗാനങ്ങളാണ് സി.ഡിയിലുള്ളത്. കൈതപ്രം, വയലാര്‍ ശരത് ചന്ദ്ര വര്‍മ, റഫീക്ക് അഹമ്മദ്, അനില്‍ വി. നാഗേന്ദ്രന്‍, പ്രദീപ് തുമ്പോളി തുടങ്ങിയവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ.കുട്ടപ്പന്‍ എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഉണ്ണിമേനോന്‍, ശ്രീകാന്ത്, കാവാലം ശ്രീകുമാര്‍, പി.കെ.മേദിനി, സി.ജെ.കുട്ടപ്പന്‍, സുദീപ് കുമാര്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പടങ്ങള്‍

coir kerala_press meet

കയര്‍ കേരള 2017ന്റെ വിശദാംശങ്ങള്‍ വിശദീകരിച്ച് ഡോ. ടി.എം.തോമസ് ഐസക് വാര്‍ത്താസമ്മേളനം നടത്തുന്നു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍‌മാന്‍ ആര്‍. നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ് , എ.എം.ആരിഫ് എംഎല്‍എ എന്നിവര്‍ സമീപം.

coir kerala_CD Release

കയര്‍ കേരളയോടനുബന്ധിച്ച് തയ്യാറാക്കിയ സി.ഡി ‘കയറിന്റെ വര്‍ണോല്‍സവം’ ഗായികയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമയ് ക്കു നല്‍കി കളക്ടര്‍ ടി.വി.അനുപമ പ്രകാശനം ചെയ്യുന്നു. മന്ത്രി ഡോ. ടി.എം.തോമസ് ഐസക്, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ ​തുടങ്ങിയവര്‍ സമീപം.

Share This

Coir Kerala