കയര്‍ കേരള: ഇനി അഞ്ചു നാളുകള്‍ ആലപ്പുഴയില്‍ കയറിന്റെ ആഘോഷം

ആലപ്പുഴ: ഏഴാമത് കയര്‍ കേരളയ്ക്ക് വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിക്കും. അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പുകളുടെ മന്ത്രി ജി.സുധാകരനും ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമനും ടൂറിസം- മ്യൂസിയം പവലിയന്‍ ഗതാഗത വകുപ്പു മന്ത്രി ശ്രീ. തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും. സംസ്കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും.

ഡോ.ടി.എം.തോമസ് ഐസക് രചിച്ച ‘കേരള കൊയര്‍- ദി അജണ്ട ഫോര്‍ മോഡേണൈസേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകം മുന്‍ എം.പിയും കയര്‍ ബോര്‍ഡ് ചെയര്‍മാനുമായ സി.പി.രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. കയര്‍ ഡയറക്ടര്‍ എന്‍. പത്മകുമാര്‍ ആദ്യപ്രതി സ്വീകരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. വി.കെ.രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എം.പി, അപ്പെക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ആലപ്പുഴ  മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, എംഎല്‍എമാരായ അഡ്വ. എ.എം.ആരിഫ്, അഡ്വ. യു.പ്രതിഭാ ഹരി, അഡ്വ. കെ.കെ.രാമചന്ദ്രന്‍ നായര്‍, ആര്‍. രാജേഷ്, ജില്ലാ കളക്ടര്‍ ടി.വി.അനുപമ, ആലപ്പുഴ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍, സ്റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ ജി. ശ്രീചിത്ര എന്നിവര്‍ അനുമോദന പ്രസംഗം നടത്തും.

വൈകിട്ട് 3.30ന് എസ്ഡിവി സ്റ്റേഡിയത്തില്‍ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ഇതേസമയം ഇഎംഎസ് സ്റ്റേഡിയത്തില്‍ കിഷന്ത് തൃപ്പൂണിത്തുറയും സംഘവും അവതരിപ്പിക്കുന്ന താളവാദ്യമേളം അരങ്ങേറും. ഉദ്ഘാടന പരിപാടിക്കുശേഷം ചലച്ചിത്ര പിന്നണി ഗായകരായ അഫ്സലും ജ്യോത്സ്നയും അവതരിപ്പിക്കുന്ന ഗാനമേള.

120 സ്റ്റാളുകളുള്ള രാജ്യാന്തര പവലിയനും 146 സ്റ്റാളുകളുള്ള ദേശീയ പവലിയനുമാണ് ഇത്തവണ കയര്‍ കേരളയ്ക്കായി തയ്യാറായിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചതും എല്ലാവിധ സൗകര്യങ്ങളുമുള്ള പവലിയനുകളാണ് രണ്ടും. ദേശീയ പവലിയനില്‍ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമാണ്. കലാപരിപാടികളും വിവിധ മല്‍സരങ്ങളും നടക്കുന്ന വേദിയില്‍ ഒരേസമയം 1500 പേര്‍ക്കുവരെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Share This

Coir Kerala