കയര്‍ ഭൂവസ്ത്രം ധാരണാപത്രം ഒപ്പിടല്‍ ഇന്ന്: പ്രതീക്ഷിക്കുന്നത് നൂറിലേറെ കോടി രൂപയുടെ വ്യാപാരം

ആലപ്പുഴ: ഹരിതകേരളം മിഷന്റെ ഭാഗമായി കേരളത്തിലെ പഞ്ചായത്തുകളുമായ കയര്‍ ഭൂവസ്ത്രത്തിനുള്ള കരാര്‍ ഒപ്പിടല്‍ ഇന്നു നടക്കും. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍‌ നടക്കുന്ന തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി മണ്ണ്- ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ഇതിലൂടെ നൂറിലേറെ കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം കേരളത്തിനുള്ളില്‍ തന്നെ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 8.30 ന് നടക്കുന്ന ധാരണാപത്ര സമ്മേളത്തിലും ഓപ്പണ്‍ ഹൗസിലും മന്ത്രിമാരായ മാത്യു ടി. തോമസ്, ഡോ. കെ.ടി.ജലീല്‍, അഡ്വ. യു.പ്രതിഭാ ഹരി എംഎല്‍എ, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍.ഹരിലാല്‍, മുന്‍ ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.കെ.ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലെ അനുകരണീയ മാതൃകകളായി ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകള്‍ തങ്ങളുടെ പദ്ധതികളെപ്പറ്റി വിശദീകരിക്കും. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ അധ്യക്ഷത വഹിക്കും. 1.30ന് മികച്ച പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി വിതരണം ചെയ്യും.

ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ കയര്‍ വികസന വകുപ്പ്, എംജിഎന്‍ആര്‍ഇജിഎസ് മിഷന്‍, പഞ്ചായത്തുകള്‍ എന്നിവ തമ്മില്‍ കയര്‍ ഭൂവസ്ത്ര വിനിയോഗത്തിനുള്ള കരാറില്‍ ഒപ്പുവയ്ക്കും. ഇതിനായി 14 പ്രത്യേക കൗണ്ടറുകളാണ് സജ്ജീകരിക്കുന്നത്. ഇതേസമയം സമാന്തരമായി ജോസി ആലപ്പുഴയും പാര്‍ട്ടിയും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിയും അരങ്ങേറും.

വൈകിട്ട് ഏഴിന് മേതില്‍ ദേവികയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, ഒമ്പതിന് ഇപ്റ്റ നാട്ടരങ്ങിന്റെ നാടന്‍ പാട്ട്.

കേരളം മാതൃകയെന്ന് മഹാരാഷ്ട്ര മന്ത്രി

ആലപ്പുഴ: സാധാരണക്കാരായ സ്ത്രീകളുടെ ഉള്‍പ്പെടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതില്‍ കേരളം കൈക്കൊള്ളുന്ന നടപടികള്‍ മാതൃകാപരമാണെന്ന് മഹാരാഷ്ട്രയിലെ ആഭ്യന്തര, ധനകാര്യ, ആസൂത്രണ വകുപ്പുകളുടെ മന്ത്രി ദീപക് വസന്ത് കെസര്‍ക്കാര്‍ പറഞ്ഞു. പരമ്പരാഗത വ്യവസായ മേഖലകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണ്. കയര്‍ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും അദ്ദേഹം ശ്ലാഘിച്ചു. കയര്‍ കേരളയോടനുബന്ധിച്ചു നടന്ന ബയര്‍- സെല്ലര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു കെസര്‍ക്കാര്‍. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷനായിരുന്നു. എ.എം.ആരിഫ് എംഎല്‍എ, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

കയര്‍ കേരളയില്‍ ഇന്ന് ‘ജിമിക്കി കമ്മല്‍’ നൃത്ത മല്‍സരം:ആര്‍ക്കും പങ്കെടുക്കാം

ആലപ്പുഴ: കയര്‍ കേരളയില്‍ ആവേശം വിതറാന്‍ ‘ജിമിക്കി കമ്മല്‍’ നൃത്ത മല്‍സരം. പ്രായഭേദമന്യേ മുതിര്‍ന്നവരുടേയും കുട്ടികളുടേയും വിദ്യാര്‍ഥികളുടേയും ഗ്രൂപ്പുകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. സൂപ്പര്‍ ഹിറ്റായ ‘ജിമിക്കി കമ്മല്‍’ പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ് മല്‍സരാര്‍ഥികള്‍ ചെയ്യേണ്ടത്. വൈകിട്ട് നാലിന് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9048763953 എന്ന നമ്പറില്‍ ബന്ധപ്പെടണം.

സെല്‍ഫി പോയിന്റില്‍ പടമെടുക്കാം, സമ്മാനം നേടാം

ആലപ്പുഴ: കയര്‍ കേരള പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കായി സെല്‍ഫി മല്‍സരം. പ്രദര്‍ശനസ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന സെല്‍ഫി പോയിന്റില്‍ നിന്ന് സെല്‍ഫി എടുത്ത് നിര്‍ദ്ദേശിച്ചിരിക്കുന്ന നമ്പറിലേക്ക് അയക്കുക മാത്രമാണ് സന്ദര്‍ശകര്‍ ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന സെല്‍ഫിക്ക് സമ്മാനങ്ങള്‍ നല്‍കും.

പടങ്ങള്‍

coir kerala_Buyer Seller Meet

കയര്‍ കേരളയോടനുബന്ധിച്ച് നടന്ന ബയര്‍ സെല്ലര്‍ മീറ്റില്‍ കേരളത്തിന്റെ ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും മഹാരാഷ്ട്ര ആഭ്യന്തര, ധനകാര്യ, ആസൂത്രണ വകുപ്പുകളുടെ മന്ത്രി ദീപക് വസന്ത് കെസര്‍ക്കാറും ചേര്‍ന്ന് നിലവിളക്ക് തെളിക്കുന്നു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, എ.എം.ആരിഫ് എംഎല്‍എ, കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറി ചെയര്‍മാന്‍ കെ. പ്രസാദ്, എന്‍സിആര്‍എംഐ ഡയറക്ടര്‍ ഡോ. കെ.ആര്‍.അനില്‍ എന്നിവര്‍ സമീപം.

coir kerala_MoU

കേരളത്തില്‍ നിന്ന് കയര്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍
കയര്‍ കേരളയോടനുബന്ധിച്ച് നടന്ന ബയര്‍ സെല്ലര്‍ മീറ്റില്‍ കേരളത്തിന്റെ ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും മഹാരാഷ്ട്ര ആഭ്യന്തര, ധനകാര്യ, ആസൂത്രണ വകുപ്പുകളുടെ മന്ത്രി ദീപക് വസന്ത് കെസര്‍ക്കാറും കൈമാറുന്നു. കയര്‍ യന്ത്ര നിര്‍മാണ കമ്പനി എംഡി പി.വി.ശശീന്ദ്രന്‍, കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറി ചെയര്‍മാന്‍ കെ. പ്രസാദ്, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ വികസന ഡയറക്ടര്‍ എന്‍. പദ്മകുമാര്‍ എന്നിവര്‍ സമീപം.

Share This

Coir Kerala