കയര്‍ ഭൂവസ്ത്രം: മറ്റു സംസ്ഥാനങ്ങള്‍ കേരള മാതൃക പിന്തുടരണമെന്ന് വി. എസ്. അച്യുതാനന്ദന്‍

ആലപ്പുഴ: കേരളത്തിലെ പഞ്ചായത്തുകള്‍ കയര്‍ ഭുവസ്ത്ര പദ്ധതി വ്യാപിപ്പിക്കുന്നതിന് സമാനമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍‌ ഇത് ഉപയോഗിക്കാന്‍ തയ്യാറാകുന്നത് നല്ലതാണെന്നും കയര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അഞ്ചുനാളുകളായി ആലപ്പുഴയെ ആവേശം കൊള്ളിച്ച കയര്‍ കേരള 2017ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകളുടെ ഇത്തരം പദ്ധതികള്‍ക്ക് കയര്‍ വകുപ്പും സംസ്ഥാന സര്‍ക്കാരും നല്ല പിന്തുണ നല്‍കുമെന്നുതന്നെയാണ് താന്‍ വിശ്വസിക്കുന്നത്. കയര്‍‌ കേരളയെന്ന മഹത്തായ സംരംഭത്തിലൂടെ കയര്‍ മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള അര്‍ഥവത്തായ ഇടപെടലാണ് കയര്‍ വകുപ്പു മന്ത്രിയും സംസ്ഥാന സര്‍ക്കാരും നടത്തുന്നത്. അടുത്ത വര്‍ഷം ഇതുപോലൊരു മേള നടത്തുമ്പോള്‍ ആ മേഖലയുടെ പൊതു സ്വരത്തിനും ഭാവത്തിനും കൂടുതല്‍ അര്‍ഥപൂര്‍ണിമ ഉണ്ടാകും. അത് കേരളത്തിന്റെ മുന്നേറ്റത്തില്‍ നാഴികക്കല്ലായി മാറുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

‌കയര്‍ മേഖലയുടെ ഉന്നമനത്തിനും തൊഴിലാളികളുടെ ക്ഷേമത്തിനുമായി സംസ്ഥാന സര്‍ക്കാരും കയര്‍ വകുപ്പും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റേയും കയര്‍ ബോര്‍ഡിന്റേയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.പദ്മനാഭന്‍ ഉറപ്പുനല്‍കി.

ഫിഷറീസ് കശുവണ്ടി വകുപ്പു മന്ത്രി മേഴ്സിക്കുട്ടിയമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അപ്പെക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് രണ്ടാം കയര്‍ പുനഃസംഘടനാ പ്രഖ്യാപനം നടത്തി. കയര്‍ വികസന ഡയറക്ടര്‍ എന്‍. പദ്മകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ മെഷിനറി മാനുഫാക്ച്വറിംഗ് കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ്, ഫോം മാറ്റിംഗ്സ് ഇന്‍ഡ്യ ലിമിറ്റഡ് ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍, കയര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍‌ സായ്കുമാര്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

കയര്‍ വ്യവസായ മേഖല ആത്മപരിശോധന നടത്തണം:കടകംപള്ളി

ആലപ്പുഴ: കയര്‍ വ്യവസായത്തിന്റെ ഭാവി ശക്തിപ്പെടുത്താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് ടൂറിസം സഹകരണ വകുപ്പുകളുടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കയര്‍ കേരള 2017ന്റെ സമാപന ദിവസമായ ഇന്നലെ രണ്ടാം കയര്‍ പുനഃസംഘടനാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളിലും രാജ്യത്ത് മുന്നേറ്റം നടത്തുന്ന സംസ്ഥാനമാണ് കേരളം. കാലത്തിന്റെ ഗതിവേഗത്തിനനുസരിച്ച് സഞ്ചരിച്ചാല്‍ മാത്രമേ കയര്‍ മേഖലയിലെ പുനഃസംഘടന അര്‍ത്ഥവത്താകൂ. ആ മാറ്റം കേരളത്തിന്റെ തുടര്‍ന്നുള്ള സാമൂഹ്യമാറ്റത്തിന്റെ കൂടി പ്രതിഫലനമാകും. കേരളത്തിന്റെ മനോഹാരിതയുടെ അടയാളംകൂടിയാണ് കയറും കയറുല്‍പന്നങ്ങളുമെന്ന് മന്ത്രി പറഞ്ഞു. അപ്പെക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കയര്‍ സഹകരണ സംഘം പ്രതിനിധികള്‍ 11 ഗ്രൂപ്പുകളിലായി തിരിഞ്ഞു ചര്‍ച്ച നടത്തിയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇവ കൂടി പരിഗണിച്ചായിരിക്കും സമഗ്രമായ പുനഃസംഘടനാ നടപടികള്‍ക്ക് അന്തിമ രൂപം നല്‍കുകയെന്ന് ചര്‍ച്ച ക്രോഡീകരിച്ച മന്ത്രി ഡോ.ടി.എം.തോമസ് ഐസക് വ്യക്തമാക്കി.

പടങ്ങള്‍

Coir Kerala_kadakampalli

കയര്‍ കേരളയോടനുബന്ധിച്ചു നടന്ന രണ്ടാം വ്യവസായ പുനഃസംഘടനാ സെമിനാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

Coir Kerala_Closing

കയര്‍ കേരള 2017ന്റെ സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

Coir Kerala_VS_presentation

കയര്‍ കേരള 2017 സമാപന ചടങ്ങില്‍ വി.എസ്.അച്യുതാനന്ദന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക് ഉപഹാരം നല്‍കുന്നു.

Share This

Coir Kerala