കയര്‍ മേഖലയിലെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ആലപ്പുഴ: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കയര്‍ വ്യവസായ മേഖലയിലുണ്ടായ കുതിപ്പ് അക്കമിട്ടു നിരത്തുന്നതായി മാറി അഡീഷണല്‍ ചീഫ് സെക്രട്ടറി (കയര്‍) ജെയിംസ് വര്‍ഗീസ് കയര്‍ കേരളയുടെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തില്‍ കയര്‍ വികസന വകുപ്പ് പ്രവര്‍ത്തനത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ 96.5 ശതമാനമാണ് ഈ വര്‍ഷത്തെ ചെലവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2014-15ല്‍ 64 കോടി രൂപയും 2015-16ല്‍ 68 കോടി രൂപയും ചെലവഴിച്ച സ്ഥാനത്ത് 2016-17ലെ വകുപ്പിന്റെ ചെലവ് 160 കോടി രൂപയായി ഉയര്‍ന്നു. പെന്‍ഷനും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളും കൂടാതെയുള്ളതാണിത്.

ഈ വര്‍ധിച്ച ചെലവിന്റെ പ്രതിഫലനം കയര്‍ കയറുല്‍പന്ന സംഭരണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പരമ്പരാഗത മേഖലയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കയറും കയറുല്‍പന്നങ്ങളും സര്‍ക്കാര്‍ പൂര്‍ണമായും സംഭരിക്കുകയാണ്. 2015-16ല്‍ 41.77 കോടി രൂപ വിലയുള്ള 78,820 ക്വിന്റല്‍ കയര്‍ സംഭരിച്ച സ്ഥാനത്ത് 2016-17ല്‍ 50.09 കോടി രൂപ മൂല്യമുള്ള  99,793 ക്വിന്റല്‍ കയര്‍ സംഭരിക്കാന്‍ സാധിച്ചു. 26.6 ശതമാനമാണ് വളര്‍ച്ച. സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച് കയര്‍ഫെഡിനു നല്‍കുന്ന കയറിന്റെ വില അപ്പപ്പോള്‍ നല്‍കാന്‍ തുടങ്ങി. കയര്‍ കോര്‍പ്പറേഷന്റെ കയറുല്‍പന്ന സംഭരണത്തില്‍ 400 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി ഈ വര്‍ഷം 18.5 കോടി രൂപയാണ് നല്‍കുന്നത്. മാനേജീരിയല്‍ സബ്സിഡിയായി മൂന്നു കോടി രൂപയും കൈമാറിക്കഴിഞ്ഞു. മാര്‍ക്കറ്റ് ഡെവലപ്മെന്റ് അസിസ്റ്റന്‍സ് കേന്ദ്ര സഹായത്തിനു കാത്തുനില്‍ക്കാതെ മുന്‍കൂറായി നല്‍കുകയാണ്. വരുമാന ഉറപ്പു പദ്ധതിയില്‍ ഇതുവരെയുള്ള ശരാശരി വാര്‍ഷികച്ചെലവ് 12 കോടി രൂപയായിരുന്നെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം 20 കോടി രൂപ വകയിരുത്തുകയും ഇതിനോടകം 12 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.

കയര്‍ തൊഴിലാളികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1100 രൂപയായി വര്‍ധിപ്പിച്ച് ഈ ഓണക്കാലത്ത് ഒരുമാസം മുന്‍കൂര്‍ പെന്‍ഷനടക്കം വിതരണം ചെയ്തു. ഏതാണ്ട് നിന്നുപോയ സ്ഥിതിയിലായിരുന്ന ക്ഷേമനിധി വിരമിക്കല്‍ ആനുകൂല്യം പുനരാരംഭിക്കുകയും 1997 മുതല്‍ 2012 വരെയുള്ള ആനുകൂല്യം ഓണക്കാലത്തു വിതരണം ചെയ്യുകയും ചെയ്തു. പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം എന്നിവയെല്ലാം ഗണ്യമായ വര്‍ധിപ്പിച്ചു.

പതിമൂന്നാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് 1320 കോടി രൂപയുടെ വിപുലമായ വര്‍ധനയ്ക്കാണ് കയര്‍ വികസനവകുപ്പ് തയ്യാറെടുക്കുന്നത്. വിദേശ വിപണിക്കും കയറ്റുമതിക്കും ഒപ്പം ആഭ്യന്തര വിപണി വിപുലീകരണത്തിനും 2017ലെ കയര്‍ കേരളയില്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നത്. ഹരിതകേരളം മിഷന്റെ പശ്ചാത്തലത്തില്‍ മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി നൂറു കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വാങ്ങുന്നതിനുള്ള ധാരണാപത്രത്തില്‍ കയര്‍ കേരളയില്‍ ഒപ്പുവയ്ക്കും. ഇത് കയര്‍ കേരളയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാല്‍വയ്പാണ്. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായത്തിന്റെ സമൂലമായ പുനഃസംഘാടനത്തിന് നാന്ദിയാകുന്ന നിര്‍ണായക സന്ദര്‍ഭമായിരിക്കും 2017ലെ കയര്‍ കേരളയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Share This

Coir Kerala