കയര്‍ മേഖലയിലെ സര്‍ക്കാര്‍ നടപടികള്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങ്: പ്രതിഭാ ഹരി എംഎല്‍എ

ആലപ്പുഴ: കയര്‍ തൊഴിലാളികള്‍ക്കുള്ള സഹായപദ്ധതികള്‍ക്കൊപ്പം കയര്‍ ഉല്‍പന്നങ്ങളുടെ വിപണി വിപുലപ്പെടുത്താനും മാര്‍ഗങ്ങള്‍ തേടുന്നതിലൂടെ ഈ പരമ്പരാഗത വ്യവസായത്തിന് വലിയ കൈത്താങ്ങാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അഡ്വ. യു. പ്രതിഭാ ഹരി എം.എല്‍.എ പറഞ്ഞു. കയര്‍ കേരള 2017 നോടനുബന്ധിച്ചു നടത്തിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു എം.എല്‍.എ.

കൃത്യമായി വിപണനമാര്‍ഗങ്ങള്‍ ഉണ്ടാകാതെ പോയതാണ് കയര്‍ മേഖലയുടെ പിന്നാക്കം പോകലിനു വഴിതെളിച്ചത്. ഇപ്പോള്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും അവയ്ക്ക് വിശാലമായ വിപണി കണ്ടെത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഒപ്പം കയര്‍ തൊഴിലാളികള്‍ക്ക് ഒട്ടേറെ സഹായപദ്ധതികളും പ്രഖ്യാപിച്ചുകഴിഞ്ഞു. കയര്‍ മേഖലയ്ക്ക് പുതിയ ഉണര്‍വ്വാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് പ്രതിഭാ ഹരി ചൂണ്ടിക്കാട്ടി.

മറ്റു തൊഴിലുകള്‍ തേടി പോയവരെക്കൂടി തിരികെ കയര്‍ വ്യവസായത്തിലേക്ക് കൊണ്ടുവന്ന് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ പറഞ്ഞു. കയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പരമ്പരാഗത തൊഴിലാളികള്‍പോലും കെട്ടിട നിര്‍മാണം പോലുള്ള മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും ഇവര്‍ക്ക് തിരികെയെത്താനാവശ്യമായ സഹായപദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നതെന്നും ദലീമ ചൂണ്ടിക്കാട്ടി.

കയര്‍ മേഖലയില്‍ ആധനികവല്‍ക്കരണം വന്നതോടെ സാങ്കേതിക പരിജ്ഞാനമുള്ള അഭ്യസ്ഥവിദ്യര്‍ ഈ വ്യവസായത്തിലേക്ക് ധാരാളമായി കടന്നുവരുന്നുണ്ടെന്ന് കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും കയര്‍ കേരള സംഘാടക സമിതി ചെയര്‍മാനുമായ ആര്‍. നാസര്‍ ചൂണ്ടിക്കാട്ടി. ഇവരുടെ അറിവും കഴിവും ഉപയോഗപ്പെടുത്തി കയര്‍ മേഖലയില്‍ വൈവിധ്യവല്‍ക്കരണവും നവീകരണവും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവതാരകനും ചലച്ചിത്ര തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് മോഡറേറ്ററായിരുന്നു.

Share This

Coir Kerala