കയര്‍ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ അനിവാര്യം: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

ആലപ്പുഴ: വിപണന പ്രദര്‍ശന മേളകള്‍ക്കൊപ്പം ഗവേഷണങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയാല്‍ മാത്രമേ കയര്‍ വ്യവസായ മേഖലയ്ക്ക് അതിജീവനം സാധ്യമാകുകയുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കയര്‍ കേരളയോടനുബന്ധിച്ചു നടന്ന രണ്ടാം ദിവസത്തെ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍ കാലങ്ങളില്‍ നടന്ന ഗവേഷണഫലങ്ങളാണ് ഇന്നു നാം കാണുന്നത്. കൂടുതല്‍ നല്ലത് വരും കാലങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അതിനാവശ്യമായ ചിന്തകളും ഗവേഷങ്ങളും സജീവമായി നടക്കണം. ഓരോ മേഖലയിലും കാലാനുസൃതമായ ഗവേഷണങ്ങള്‍ക്കുമാത്രമേ തുടര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുകയുള്ളു. ഇന്നത്തെ ഉല്‍പന്നങ്ങള്‍ക്ക് ഭാവിയില്‍ വിപണി ഉണ്ടായെന്നു വരില്ല. അന്നത്തെ വിപണിക്ക് അനുയോജ്യമായവ ഉല്‍പാദിപ്പിക്കാന്‍ ഇന്നേ ഗവേഷണങ്ങള്‍ നടത്തിയേ മതിയാകുകയുള്ളുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഓരോ നിമിഷവും വളരുകയാണ്. അതിനനുസരിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന കാര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമവും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി.ഇക്ബാല്‍ അധ്യക്ഷനായിരുന്നു. ഫോംമാറ്റിംഗ്സ് ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

കയര്‍ കോമ്പോസിറ്റുകള്‍ക്ക് വന്‍ സാധ്യതയെന്ന് കയര്‍ കേരള സെമിനാര്‍

ആലപ്പുഴ: കയറിന്റെ ഏറ്റവും പുതിയ മൂല്യവര്‍ധിത രൂപമായ കയര്‍ കോമ്പോസിറ്റുകള്‍ക്ക് വിപണി സാധ്യത ഏറെയാണെന്ന് കയര്‍ കേരളയോടനുബന്ധിച്ചു നടന്ന സെമിനാര്‍ ചൂണ്ടിക്കാട്ടി. കയര്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കോമ്പോസിറ്റുകള്‍ വഴിതെളിക്കുകയെന്ന് നെതര്‍ലന്‍ഡ്സില്‍ നിന്നെത്തിയ ഗവേഷകനായ ഡോ. ജാന്‍ വാന്‍ ഡാം അഭിപ്രായപ്പെട്ടു. ചകിരിച്ചോറില്‍ നിന്ന് ബൈന്‍ഡര്‍ ഇല്ലാതെതന്നെ കോമ്പോസിറ്റ് നിര്‍മിയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഫിനോള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ബോര്‍ഡുകള്‍ തീപിടിക്കാത്തവയാണെന്നും പ്ലൈവുഡ്, എംഡിഎഫ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ് തുടങ്ങിയവയെ അപേക്ഷിച്ച് ഗുണമേന്മ കൂടിയതാണെന്നും സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ഫോംമാറ്റിംഗ്സ് എം.ഡി ഡോ. എസ്.രത്നകുമാര്‍ മോഡറേറ്ററായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഡോ. രാജേഷ് ആനന്ദ്ജിവാല, കൊല്‍ക്കൊത്ത എൻഐആർജെഎഎഫ്ടിയിലെ ഡോ. ഗൗതം ബോസ്, ഡോ. ഭോജ് ഗൗഡ്, പി.കെ.മായന്‍, ഡോ. ആര്‍.എന്‍.കുമാര്‍, ഡോ. ടി.ഒ.വര്‍ഗീസ്, ഡോ. സുമി സെബാസ്റ്റ്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കയര്‍ ഭൂവസ്ത്രങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്ന് കയര്‍ ഭൂവസ്ത്രം- ശാസ്ത്രവും പരിസ്ഥിതിയും എന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഭൂവസ്ത്രങ്ങളുടെ നിലവിലുള്ള ഉപയോഗങ്ങളും ഉല്‍പാദനരീതികളും മറ്റുമാണ് സെമിനാര്‍ പ്രധാനമായും വിശകലനം ചെയ്തത്. ഏറ്റവും അത്യാവശ്യമുള്ള മേഖലകള്‍ കണ്ടെത്തിവേണം കടല്‍ത്തീരങ്ങളുടെ സംരക്ഷണത്തിനായി ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കാനെന്ന് തീര സംരക്ഷണത്തിന് ഭൂവസ്ത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സെമിനാറിലും ചൂണ്ടിക്കാട്ടപ്പെട്ടു. നിലവില്‍ ഇവ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് പോരായ്മകള്‍ നികത്തിയും കൂടുതല്‍ ലാഭകരമാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തിയും വേണം മുന്നോട്ടു പോകാന്‍. അതിലൂടെ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യത വര്‍ധിപ്പിക്കാനാകുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

കയര്‍ ഭൂവസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറുകളില്‍ ഡൽഹി ഐഐടി റിട്ട. പ്രൊഫസർ ഡോ. ജി.വി.റാവു, നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള പ്രൊഫ. (ഡോ.) എസ്‌ജെഎംഎച്ച് ഹൽഷർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവിരാമൻ, ജലസേചന വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, എൻസിആർഎംഐ ഡയറക്ടർ ഡോ.കെ.ആർ.അനിൽ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലെ ഡയറക്ടർ ഡോ. ഡി.നാരായണ, പ്രൊഫ. വെങ്കിട്ടരാമന്‍, ഡോ. ഷീല ഇവാന്‍ജലിന്‍, ഡോ. ശ്രീകുമാര്‍ ചാറ്റര്‍ജി, ദുരന്ത നിവാരണ അതോറിട്ടിയിലെ ഡോ. ശേഖര്‍ കുര്യാക്കോസ്, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.എ.ജോഷി, ഡോ. ബാലസുബ്രഹ്മണ്യം, ശിവരാജ് വിജയന്‍, ഡോ. എല്‍.ഷീല നായര്‍, സി.ആര്‍. ദേവരാജ്, റിനു പ്രേംരാജ്, ബി.സുനില്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ വികസിപ്പിച്ചെടുത്ത കയര്‍ അക്കൊസ്റ്റിക്കുകള്‍ വാണിജ്യപരമായി ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യാനുള്ള സാധ്യതകളാണ് ഇതുമായി ബന്ധപ്പെട്ട സെമിനാര്‍ ചര്‍ച്ച ചെയ്തത്. ശബ്ദം ആഗീരണം ചെയ്യാനുള്‍പ്പെടെ ഒട്ടേറെ മേന്മകളുള്ള അക്കൊസ്റ്റിക്കുകള്‍ പ്രയോജനപ്രദമാകുന്ന മേഖലകള്‍ കണ്ടെത്തി ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായം സെമിനാറില്‍ പങ്കെടുത്തവരില്‍ നിന്നുയര്‍ന്നുവന്നു. ഇതിന് സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ട്രിപ്പിള്‍ ഐഡി കേരള ചാപ്റ്റര്‍ മുന്‍ ചെയര്‍മാന്‍ സാജന്‍ പുളിമൂട്, മാത്യു എം.ജോര്‍ജ്, ജോര്‍ജ് മത്തായി, ബി.സുധീര്‍, സിബി ജോയ് എന്നിവര്‍ പങ്കെടുത്തു.

പടം

Coir Kerala_ Prof.Raveendranath

കയര്‍ കേരള രണ്ടാംദിവസത്തെ സെമിനാറുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു. ഫോംമാറ്റിംഗ്സ് ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. ഭഗീരഥന്‍, ഡോ.ബി.ഇക്ബാല്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍ എന്നിവര്‍ സമീപം.

Share This

Coir Kerala