കയര്‍ മേഖലയുടെ പുനര്‍‌ജനിക്ക് രൂപരേഖയുമായി മന്ത്രി തോമസ് ഐസക്കിന്റെ പുതിയ പുസ്തകം

ആലപ്പുഴ: കയര്‍ മേഖലയുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് രചിച്ച പുസ്തകം ‘കയറിനൊരു പുനര്‍ജനി’യുടെ പ്രകാശനം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് നിര്‍വ്വഹിച്ചു. പരമ്പരാഗത തൊഴില്‍ മേഖലകളിലെ പ്രതിസന്ധി ആഗോളതലത്തില്‍ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്നും കേരളത്തില്‍ കയര്‍ മേഖലയിലുള്‍പ്പെടെ അതിനെ മറികടക്കാന്‍  സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ സഹാകമാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. കയര്‍ വികസന വകുപ്പിനു വേണ്ടി ദേശീയ കയര്‍ ഗവേഷണ വികസന സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യന്ത്രവത്കരണവും ഉല്‍പന്ന വൈവിദ്ധ്യവത്കരണവും നടപ്പാക്കിക്കൊണ്ട് കയര്‍ വ്യവസായത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടാം പുനഃസംഘടനാ സ്കീമിനെക്കുറിച്ചെഴുതിയ പുസ്തകമാണ് ‘കയറിനൊരു പുനർജനി’. കയര്‍ വ്യവസായത്തെ കൈവേലയുടെ അടിത്തറയില്‍നിന്ന് മാറ്റി യന്ത്രവല്‍കൃതമാക്കി പുനഃസംഘടിപ്പിക്കുന്നതിനുള്ള രൂപരേഖയാണ് ഈ ഗ്രന്ഥത്തില്‍ അനാവരണം ചെയ്യുന്നത്.  ഡോ. തോമസ് ഐസക്കും അജിത് മത്തായിയും ചേര്‍ന്ന് തയ്യാറാക്കിയ ഇംഗ്ളീഷ് പതിപ്പും പുസ്തകത്തിനുണ്ട്. എന്‍സിഎംആര്‍ഐയിലെ ഡോ. അനില്‍ ആണ് പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമാഹരിച്ചത്. നവീന ഉല്‍പന്നങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഓരോ പേജിലും കേരളത്തിന്റെ പഴയതും പുതിയതുമായ ഒരു കയര്‍ ഉല്‍പന്നത്തിന്റെയെങ്കിലും ചിത്രം നല്‍കിയിട്ടുണ്ട്.

സാങ്കേതിക നവീകരണ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് മറ്റു ഏതു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉല്‍പന്നങ്ങളോടും മത്സരിക്കാന്‍ ശേഷിയുള്ള ടഫ്റ്റഡ് മാറ്റുകളും ജിയോടെക്സ് മാറ്റുകളും ജിയോ ടെക്സ്റ്റൈല്‍സ്, നീഡില്‍ ഫെല്‍റ്റ് പായകള്‍, കോമ്പോസിറ്റ് ബോര്‍ഡുകള്‍ എന്നിവയും കേരളത്തില്‍ നിര്‍മ്മിക്കും. പൊതുമേഖലയെ മാത്രമല്ല, സ്വകാര്യ നിക്ഷേപകരെയും ഇതിനായി പ്രോത്സാഹിപ്പിക്കും. അതോടൊപ്പം പരമ്പരാഗത കൈവിരുതു കൊണ്ട് വേലയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തി സര്‍ക്കാര്‍ വാങ്ങി സംഭരിക്കും. ഇത് വിറ്റഴിക്കാനായി വിപുലമായ ഒരു ദേശീയ വിപണന ശൃംഖലയ്ക്ക് രൂപംകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സി.പി.നാരായണന്‍ എം.പി, എ.എം.ആരിഫ് എം.എല്‍.എ, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ്, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. സായികുമാര്‍, ഫോമാറ്റിംഗ്സ് ചെയര്‍മാന്‍ അഡ്വ. കെ.ആര്‍.ഭഗീരഥന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു.

Share This

Coir Kerala