കയര്‍ മേഖലയ്ക്ക് ആവേശമേകാന്‍ കയര്‍കേരള; സ്വീകരിക്കാനൊരുങ്ങി ആലപ്പുഴ

ആലപ്പുഴ: കയര്‍ പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയെ സ്വീകരിക്കാന്‍ ആലപ്പുഴ ഒരുങ്ങുന്നു. ഒക്ടോബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ഇഎംഎസ് സ്റ്റേഡിയത്തിലാണ് കയര്‍ കേരള 2017 സംഘടിപ്പിക്കുന്നത്. 2011ല്‍ തുടക്കമിട്ട കയര്‍കേരളയുടെ ഏഴാമത് പതിപ്പാണ് ഇത്. ‘കയര്‍- പൈതൃകവും നവീകരണവും’ എന്നതാണ് ഇത്തവണത്തെ വിഷയം.

ആലപ്പുഴയുടെ തദ്ദേശീയമായ പ്രത്യേകതകളും കയറിന്റെ സാന്നിധ്യവും ഉള്‍ച്ചേര്‍ന്ന ലോഗോയാണ് ഇത്തവണ ഉപയോഗിക്കുന്നത്. ‘വിത്തും വീക്ഷണവും’ എന്നതാണ് ലോഗോയുടെ വിഷയം. പൊതിക്കാത്ത നാളികേരത്തിന്റെ പരിച്ഛേദമാണ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഒറ്റനോട്ടത്തില്‍ തുറന്നുപിടിച്ച കണ്ണിനോട് ഇതിനു സാമ്യം തോന്നും. ഒപ്പം ആലപ്പുഴയുടെ മറ്റൊരു തനത് സവിശേഷതയായ കരിമീനിനെയും ഈ ലോഗോ ഓര്‍മിപ്പിക്കും. തേങ്ങയും ചകിരിനാരും കണ്ണും മീനുമെല്ലാം ചേര്‍ന്നതാണെങ്കിലും ഒട്ടും സങ്കീര്‍ണമല്ല ലോഗോയെന്ന് എടുത്തുപറയാം.

പരിപാടിയുടെ നടത്തിപ്പു ചുമതലകള്‍ കയര്‍ കോര്‍പ്പറേഷനും അക്കാദമിക് മേഖലകള്‍ എന്‍സിആര്‍എംഐയുമാണ് നിര്‍വ്വഹിക്കുന്നത്. കയര്‍ മേഖലയ്ക്കും കേരളത്തിനും കൂടുതല്‍ ഗുണം ചെയ്യുന്നവിധത്തില്‍ കയറുല്‍പന്നങ്ങളടെ വൈവിധ്യവല്‍ക്കരണവും ഉപയോഗരീതികളും ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍ ഇത്തവണയുമുണ്ടാകും. രണ്ടാം കയര്‍ പുനഃസംഘടനാ പ്രഖ്യാപനവും ഇത്തവണ കയര്‍ കേരളയില്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കയര്‍ ഭൂവസ്ത്രം ഉള്‍പ്പെടെയുള്ളവ കേരളന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എങ്ങിനെ ഉപയോഗിക്കാമെന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കും കയര്‍ സഹകരണ മേഖലയുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതികള്‍ക്കും മേളയില്‍ തുടക്കമാകും.

പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് പരിപാടി നടത്താനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. പതിവിനു വിരുദ്ധമായി ചുവര്‍ ചിത്രങ്ങള്‍, കയറില്‍ തീര്‍ത്ത ബോര്‍ഡുകള്‍ തുടങ്ങിയവയാണ് പ്രചാരണപരിപാടികള്‍ക്ക് സംഘാടകസമിതി ഉപയോഗിക്കുന്നത്. ഫ്ലക്സ് ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. പ്രകൃതിക്കു ഹാനികരമായ ഫ്ളക്സിനു ബദലായി കയര്‍ ഉല്‍പന്നങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

Download Logo (JPG)

Share This

Coir Kerala