കയര്‍ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റും: മുഖ്യമന്ത്രി

ആലപ്പുഴ: കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതോടൊപ്പംതന്നെ പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴാമത് കയര്‍ കേരള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയര്‍ വ്യവസായ മേഖലയില്‍ ആധുനികവല്‍ക്കരണം കൊണ്ടുവരുന്നതോടെ കൂടുതല്‍ സാങ്കേതികവിദ്യകള്‍ ആവശ്യമായി വരുമെന്നും അഭ്യസ്ഥവിദ്യരായ പുതിയ തലമുറയെ ഈ വ്യവസായ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായകമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത മൂന്നു വര്‍ഷത്തിനകം മുഴുവന്‍ കയര്‍ തൊഴിലാളികള്‍ക്കും സഹകരണ സംഘങ്ങള്‍വഴി ഇലക്ട്രോണിക് റാട്ടുകള്‍ വിതരണം ചെയ്യുകയും അവ ഉപയോഗിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും.

കേരളം തിങ്ങും കേരള നാട്ടില്‍ നാളികേരത്തോട്ടങ്ങളേക്കാള്‍ കൂടുതലായി റബ്ബര്‍ തോട്ടങ്ങളാണുള്ളത്. വിസ്തൃതമായ പല പുരയിടങ്ങളും അവിടങ്ങളിലെ നാളികേര കൃഷിയും ഇല്ലാതായിക്കഴിഞ്ഞു. തന്മൂലമുണ്ടായ ഉല്‍പാദനക്കുറവ് കയര്‍ വ്യവസായത്തേയും ബാധിച്ചു. ഈ അവസരം തമിഴ്നാട് നന്നായി ഉപയോഗിച്ചുതുടങ്ങിയതോടെ കേരളത്തിനും ചകിരിക്കായി തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരികയായിരുന്നു. നാളികേര ഉല്‍പാദനം വര്‍ധിപ്പിച്ചും ചകിരിയുടെ ലഭ്യത കൂട്ടിയും ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനാ പദ്ധതി, വ്യവസായത്തിന്റെ നവീകരണത്തിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലാണ്. ​എല്ലാ പരമ്പരാഗത മേഖലകളിലും വിപണനശൃംഖലകള്‍ വര്‍ധിപ്പിച്ചും ഉല്‍പന്നങ്ങള്‍ക്ക് റിബേറ്റ് നല്‍കിയും നടത്തുന്ന സര്‍ക്കാര്‍ പ്രോല്‍സാഹനം കയര്‍ വ്യവസായത്തിലും ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പുകളുടെ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദരിദ്രമായിരുന്ന കയറിനെ സുവര്‍ണനാരാക്കി മാറ്റിയത് ഇടതുസര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഓരോ കുടുംബവും ഒരു വര്‍ഷം 1000 രൂപയുടെ കയര്‍ ഉല്‍പന്നങ്ങള്‍ വാങ്ങിയാല്‍പോലും ഈ മേഖലയെ രക്ഷപ്പെടുത്താനാകും. പക്ഷേ, അതുചെയ്യാതെ പ്രകൃതിക്കു ഹാനികരമായ ഉല്‍പന്നങ്ങളാണ് പലരും ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ ഉല്‍പന്നങ്ങളുടെ വിദേശ വിപണിയില്‍ എന്തെങ്കിലും ചാഞ്ചാട്ടം ഉണ്ടായാല്‍ പിടിച്ചുനില്‍ക്കാന്‍ ആഭ്യന്തര കമ്പോളം വിപുലമായ രീതിയില്‍ വികസിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു.

ഡോ.ടി.എം.തോമസ് ഐസക് രചിച്ച ‘കേരള കൊയര്‍- ദി അജണ്ട ഫോര്‍ മോഡേണൈസേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകം മുന്‍ എം.പിയും കയര്‍ ബോര്‍ഡ് ചെയര്‍മാനുമായ സി.പി.രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. കയര്‍ ഡയറക്ടര്‍ എന്‍. പത്മകുമാര്‍ ആദ്യപ്രതി സ്വീകരിച്ചു. എംഎല്‍എമാരായ അഡ്വ. എ.എം.ആരിഫ്, ജില്ലാ കളക്ടര്‍ ടി.വി.അനുപമ, ആലപ്പുഴ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍, സ്റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ ജി. ശ്രീചിത്ര എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. ഉദ്ഘാടന ചടങ്ങിനു മുന്‍പ് എസ്ഡിവി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്ര ഇഎംഎസ് സ്റ്റേഡിയത്തില്‍ സമാപിച്ചു.

120 സ്റ്റാളുകളുള്ള രാജ്യാന്തര പവലിയനും 146 സ്റ്റാളുകളുള്ള ദേശീയ പവലിയനുമാണ് ഇത്തവണ കയര്‍ കേരളയ്ക്കായി തയ്യാറായിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചതും എല്ലാവിധ സൗകര്യങ്ങളുമുള്ള പവലിയനുകളാണ് രണ്ടും. ദേശീയ പവലിയനില്‍ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമാണ്. കലാപരിപാടികളും വിവിധ മല്‍സരങ്ങളും നടക്കുന്ന വേദിയില്‍ ഒരേസമയം 1500 പേര്‍ക്കുവരെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

പടങ്ങള്‍

coir kerala_Inauguration_1

കയര്‍ കേരള 2017 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കയർ ഡയറക്ടർ എൻ.പദ്മകുമാർ, പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ, ഭക്ഷ്യവകുപ്പു മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എംഎൽഎ, കളക്ടർ ടി.വി.അനുപമ തുടങ്ങിയവർ വേദിയിൽ.

coir kerala_Inauguration_2

കയര്‍ കേരള 2017 ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചിത്രം പതിച്ച കയര്‍ ഫലകം മന്ത്രി ഡോ. ടി.എം.തോമസ് ഐസക് സമ്മാനിക്കുന്നു.

Share This

Coir Kerala