കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ചുവര്‍ ചിത്രങ്ങളാല്‍ ആകര്‍ഷകമാക്കുന്നു

ആലപ്പുഴ: കയര്‍ കേരള 2017നോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ചുവര്‍ ചിത്രങ്ങള്‍ വരച്ച് മോടിപിടിപ്പിക്കുന്നു. ബസ് സ്റ്റേഷനിലെ ഭിത്തികളും തൂണുകളുമെല്ലാം ആലപ്പുഴയിലെതന്നെ ഇരുപത്തഞ്ചോളം കലാകാരന്മാര്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ച് ഭംഗിയാക്കുന്നത്. ജില്ലാ കളക്ടര്‍ ടി.വി.അനുപമയാണ് ശനിയാഴ്ച രാവിലെ ഇതിനു തുടക്കമിട്ടത്. സ്റ്റേഷന്റെ ചുവരില്‍ ‘കയര്‍’ എന്ന് കലാപരമായി എഴുതിയാണ് കളക്ടര്‍ ചുവര്‍ ചിത്ര രചന ഉദ്ഘാടനം ചെയ്തത്. പൊതുമുതലുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഇത്തരം ശ്രമങ്ങളിലൂടെ അവ സംരക്ഷിക്കാനാകുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.

കയര്‍ കേരളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആലപ്പുഴ നഗരങ്ങളില പല ഭാഗങ്ങളിലും ചുവര്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്കൂളുകളുടെയും മറ്റും മതിലുകളില്‍ പലയിടത്തും ചിത്രരചന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതൊരു തുടര്‍ പരിപാടിയാക്കി മാറ്റി ആലപ്പുഴ നഗരത്തിലെ മുഴുവന്‍ മതിലുകളും ചുവര്‍ ചിത്രങ്ങളാല്‍ മനോഹരമാക്കി മാറ്റാനാണ് സംഘാടകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. പലയിടത്തുനിന്നും ഈ ആവശ്യമുന്നയിച്ച് ആളുകള്‍ കയര്‍ കേരള സംഘാടക സമിതിയെ സമീപിക്കുന്നുമുണ്ട്.

കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘാടക സമിതി വൈസ് ചെയര്‍മാനുമായ ആര്‍. നാസര്‍, അഡ്വ. ആര്‍.റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രങ്ങള്‍

Coir_graffiti_1 : കയര്‍ കേരളയോടനുബന്ധിച്ച് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ചുവരുകള്‍ ചിത്രം വരച്ച് മോടിപിടിപ്പിക്കുന്ന പദ്ധതി ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഉദ്ഘാടനം ചെയ്യുന്നു.

Coir_graffiti_2 : കയര്‍ കേരളയോടനുബന്ധിച്ച് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ചുവരുകള്‍ മോടിപിടിപ്പിക്കുന്ന പദ്ധതി ജില്ലാ കളക്ടര്‍ ടി.വി.അനുപമ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു.

Coir_graffiti_3 : കയര്‍ കേരളയോടനുബന്ധിച്ച് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ചുവരുകള്‍ ചിത്രം വരച്ച് മോടിപിടിപ്പിക്കുന്ന കലാകാരന്മാര്‍.

Share This

Coir Kerala