തറയോടുകള്‍ക്ക് പകരം കൈത്തറി പായയില്‍ നിര്‍മിച്ച ടൈല്‍ മാറ്റുകള്‍ക്ക് പ്രിയമേറുന്നു

ആലപ്പുഴ: വൈവിധ്യവല്‍ക്കരിച്ച കയര്‍ ഉല്‍പന്നങ്ങളില്‍ തറയില്‍ വിരിക്കുന്ന റബറൈസ്ഡ് കയര്‍ ടൈല്‍ മാറ്റുകള്‍ക്ക് പ്രിയമേറുന്നു. രണ്ടേകാല്‍ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സമചതുരാകൃതിയിലുള്ള കയര്‍ തടുക്കുകളാണിത്. തറയില്‍ വിരിക്കുന്ന സെമാറിക് തറയോടുകള്‍ക്ക് പകരം പൂര്‍ണമായും പ്രകൃതിദത്തമായ കയര്‍ മാറ്റുകള്‍ പാകുന്നത് കാലുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യും. സംസ്ഥാന കയര്‍ കോര്‍പ്പറേഷനും കയര്‍ ഫെഡും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഉല്‍പന്നങ്ങളിലൊന്നായി ഇതു മാറിക്കഴിഞ്ഞു. റബര്‍കൊണ്ട് ബലപ്പെടുത്തിയ കൈത്തറി കയര്‍ പായയില്‍ നിന്നാണ് ഇവ ചതുരമാറ്റുകളാക്കിയിരിക്കുന്നത്. പിവിസിയോ പ്ലാസ്റ്റിക്കോ പോലെ പ്രകൃതിക്ക് ഹാനികരമായ യാതൊരു വസ്തുവും ഇതില്‍ ഉപയോഗിച്ചിട്ടില്ല.

ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കയര്‍ കേരളയോടനുബന്ധിച്ച വിവിധ സ്റ്റാളുകളില്‍ റബറൈസ്ഡ് കയര്‍ മാറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര പവലിയനിലെ കയര്‍ കോര്‍പ്പറേഷന്റേയും കയര്‍ ഫെഡിന്റേയും മറ്റും സ്റ്റാളുകളുടെ തറയില്‍ വിരിച്ചിരിക്കുന്നതും ഇതേ മാറ്റുകളാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധികള്‍ ഈ ടൈല്‍ മാറ്റുകളില്‍ പ്രത്യേക താല്‍പര്യം കാട്ടുന്നുണ്ട്.

തറയില്‍ ഒട്ടിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരസ്പരം ചേര്‍ന്ന് തറയില്‍ ഉറച്ചുകിടക്കുന്നതും ആവശ്യമുള്ളപ്പോള്‍ വളരെപ്പെട്ടെന്ന് എടുത്തുമാറ്റാവുന്നവയുമാണ് ഇവ. വാക്വം ക്ലീനറുകള്‍ ഉപയോഗിച്ചാല്‍ ഇതില്‍ അടിയുന്ന പൊടി എളുപ്പത്തില്‍ നീക്കം ചെയ്യാം. അല്ലെങ്കില്‍ നിശ്ചിത ഇടവേളകളില്‍ മാറ്റുകള്‍ ഇളക്കിയെടുത്ത് പൊടിതട്ടി വൃത്തിയാക്കി തിരികെ സ്ഥാപിക്കാം. ഈ മാറ്റുകള്‍ വാങ്ങിയാല്‍ തറയില്‍ ഒട്ടിക്കാനോ സ്ഥാപിക്കാനോ പ്രത്യേകം ജോലിക്കാരുടെ ആവശ്യം പോലുമില്ല. ആധുനിക കാലത്ത് തറകളില്‍ പാകുന്ന ടൈലുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളോ തെന്നിവീണുള്ള അപകടങ്ങളോ ഈ മാറ്റുകള്‍ മൂലം ഉണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഒരു മാറ്റിന് 184 രൂപയാണ് കയര്‍ കോര്‍പ്പറേഷന്‍ ഈടാക്കുന്ന വില. കൂടുതല്‍ എണ്ണം ഒരുമിച്ചു വാങ്ങുമ്പോള്‍ നിശ്ചിത ശതമാനം വിലക്കുറവും അനുവദിക്കും. സെറാമിക് തറയോടുകളുമായി അപ്പോള്‍ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുകയുമില്ല. ക്രിസ്ത്യന്‍ പള്ളികളിലേക്കാണ് റബറൈസ്ഡ് കയര്‍ മാറ്റുകള്‍ ഏറ്റവുമധികം വാങ്ങിക്കൊണ്ടു പോകുന്നതെന്ന് കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ പറയുന്നു. കൂടുതല്‍ സ്ഥാപനങ്ങളും മറ്റും ഇത് വാങ്ങാന്‍ തയ്യാറായാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും അതിലൂടെ വിലയില്‍ ഗണ്യമായ കുറവു വരുത്താനും സാധിക്കും. ഒപ്പം കൈത്തറി പായകള്‍ ഉണ്ടാക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍വര്‍ധനവും വരുമാനനേട്ടവും ഉണ്ടാക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പടം

Coir Kerala_Coir Tiles

കയര്‍ കേരള രാജ്യാന്തര പവലിയനില്‍ സ‍ജ്ജീകരിച്ചിരിക്കുന്ന കയര്‍ കോര്‍പ്പറേഷന്‍ സ്റ്റാളിന്റെ തറയില്‍ റബറൈസ്ഡ് കയര്‍ ടെല്‍ മാറ്റുകള്‍ വിരിച്ചിരിക്കുന്നു.

Share This

Coir Kerala