പൈതൃക മന്ദിരങ്ങളെ കോര്‍ത്തിണക്കി ആലപ്പുഴയില്‍ കയര്‍ വ്യവസായ പൈതൃക മ്യൂസിയം വരുന്നു

ആലപ്പുഴ: കയര്‍ വ്യവസായത്തിന്‍റെ പ്രതാപ കാലത്ത് ആലപ്പുഴയില്‍ നിര്‍മിക്കപ്പെട്ടതും ഇപ്പോഴും കാര്യമായ കേടുപാടുകളില്ലാതെ തുടരുകയും ചെയ്യുന്ന പൈതൃക മന്ദിരങ്ങളേയും മറ്റ് പഴയകാല കാഴ്ചകളുടെ അവശേഷിപ്പുകളേയും ബന്ധിപ്പിച്ച് ആലപ്പുഴയില്‍ കയര്‍ വ്യവസായ പൈതൃക മ്യൂസിയം വരുന്നു. കയര്‍ കേരളയോടനുബന്ധിച്ചു നടന്ന സെമിനാറില്‍ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്ടും പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമായ ബെന്നി കുര്യാക്കോസ് മ്യൂസിയ ശൃംഖലയെപ്പറ്റി വിവരിച്ചു.

ആലപ്പുഴയിലെ കയര്‍ വ്യവസായത്തെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതും ഹൗസ് ബോട്ടില്‍ ചുറ്റിയടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പട്ടണത്തിലെത്തുന്ന വിനോദസഞ്ചാരികളെ ഒരുദിവസമെങ്കിലും ഇവിടെ തങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യും വിധത്തിലാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. കമേഴ്സ്യല്‍ കനാലിന്റെ വടക്കുവശത്ത് ഇപ്പോഴും അവശേഷിക്കുന്ന നാല് പാശ്ചാത്യ കമ്പനികളുടെ സമുച്ചയങ്ങളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുക. ആസ്പിന്‍വാള്‍ കമ്പനി, ബോംബെ കമ്പനി, വോള്‍കാട്ട് ബ്രദേഴ്സ്, ഡാര സ്മെയില്‍ ​എന്നിവയാണവ. ഇവിടെ നടക്കുന്ന വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ നിലനിറുത്തിക്കൊണ്ടായിരിക്കും മ്യൂസിയം സജ്ജമാക്കുക.

സജീവമായി നിൽക്കുന്ന മ്യൂസിയമായാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്പോൾ മോഡൽ കയർ മാനുഫാക്ച്വറിംഗ് സഹകരണ സ്ഥാപനമായ പഴയ ബോംബെ കമ്പനിയിൽ പഴയതും പുതിയതുമായ എല്ലാവിധ തറികളുടെയും മാതൃകകൾക്കും ഉൽപന്നങ്ങൾക്കുമൊപ്പം കയർ നെയ്ത് നേരിട്ടുകാണാനുള്ള അവസരവുമൊരുക്കും. കയർ കോർപ്പറേഷന്റെ ആസ്ഥാനമായി മാറിയ പഴയ വോൾകാട്ട് ബ്രദേഴ്‌സിൽ കയർ വ്യവസായ ചരിത്ര മ്യൂസിയം സ്ഥാപിക്കും. വിദേശത്തേയും സ്വദേശത്തേയും കയർ കമ്പനികളുടെ ചരിത്രത്തിനൊപ്പം കയറിന്റെ കമ്പോളമാറ്റങ്ങളും ഇവിടെ പ്രദർശിപ്പിക്കും. കയർ ട്രേഡ് യൂണിയൻ ചരിത്രവും ഇവിടെ പ്രദർശിപ്പിക്കും. കയർ ഫെഡിന്റെ ആസ്ഥാനമായ പഴയ ഡാരാ സ്‌മെയിൽ കയർപിരി മേഖലയുടെ ചരിത്ര മ്യൂസിയമാക്കി മാറ്റും. ആസ്പിൻവാൾ കമ്പനി ഇപ്പോഴത്തെ ഉടമസ്ഥരിൽ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്‌കാരിക സമുച്ചയത്തിനു രൂപം നൽകും. പഴയ വാസ്തുശിൽപശൈലി നിലനിറുത്തിക്കൊണ്ടാണ് ഈ മ്യൂസിയ ശൃംഖലയ്ക്ക് രൂപം നൽകുന്നത്. പുതുക്കി നിർമിച്ച ചില ഭാഗങ്ങളെങ്കിലും ഇതിനായി പൊളിച്ചുമാറ്റേണ്ടിവരും. ആലപ്പുഴയിലെ കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതിനും അവയുടെ ഇരുവശത്തുമായി ഏതാണ്ട് ഇരുപതോളം മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കനാലിലൂടെ ഒരുദിവസം സഞ്ചരിച്ച് മ്യൂസിയങ്ങൾ മുഴുവൻ കണ്ടുതീർക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ മുന്‍ ഡയറക്ടർ ഡോ. എ.വി.ജോസ് സെമിനാറിൽ അധ്യക്ഷനായിരുന്നു. ധനകാര്യ, കയർ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കയർ വ്യവസായ ഡയറക്ടറും പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസറുമായ എൻ. പദ്മകുമാർ എന്നിവർ സംസാരിച്ചു.

കയര്‍ കേരളയില്‍ ഇന്ന് രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനാ പ്രഖ്യാപനം

ആലപ്പുഴ: ഏഴാമത് കയര്‍ കേരളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനാ പ്രഖ്യാപനം നടക്കും. രാവിലെ 9.30ന് ഇഎംഎസ് സ്റ്റേഡിയത്തില്‍ പുനഃസംഘടനാ സെമിനാര്‍‌ സഹകരണ, ടൂറിസം വകുപ്പുകളുടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അപ്പെക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിക്കും.

വൈകിട്ട് നാലിന് മുന്‍ മുഖ്യമന്ത്രിയും കേരള ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പുകളുടെ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് രണ്ടാം കയര്‍ പുനഃസംഘടനാ പ്രഖ്യാപനം നടത്തും. ഫിഷറീസ്, കശുവണ്ടി വികസന വകുപ്പുകളുടെ മന്ത്രി മേഴ്സിക്കുട്ടിയമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. കയര്‍ വികസന ഡയറക്ടര്‍ എന്‍. പദ്മകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.പദ്മനാഭന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍, കയര്‍ യന്ത്രനിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ്, ഫോംമാറ്റിംഗ്സ് ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍, കയര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സായ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 6.30ന് സ്റ്റീഫന്‍ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

പടങ്ങള്‍‌

Coir Kerala_GeotexMoU_1

കയര്‍ കേരളയില്‍ കയര്‍ ഭൂവസ്ത്ര ധാരണാപത്രം ഒപ്പിടല്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

Coir Kerala_GeotexMoU_2

കയര്‍ കേരളയില്‍ നടന്ന കയര്‍ ഭൂവസ്ത്ര ധാരണാപത്രം ഒപ്പിടലിനോടനുബന്ധിച്ച ഓപ്പണ്‍ ഹൗസ് ജലസേചന മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.

Share This

Coir Kerala