PRESS RELEASES

കയര്‍ ഉല്‍പന്ന ബ്രാന്‍ഡിംഗിന് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കും: തോമസ് ഐസക്

ആലപ്പുഴ:ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്ന കയർ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുമെന്ന് ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ ഉൽപന്നങ്ങളുടെ ബ്രാൻഡിംഗിൽ സാമൂഹ്യമാധ്യമങ്ങൾക്ക് ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയിലും സോഷ്യൽ മീഡിയയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കയർ കേരള 2019നോടനുബന്ധിച്ച് സാമൂഹ്യമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, കയർ കേരള പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വ. ആർ.റിയാസ്, ചലച്ചിത്ര സംവിധായകൻ സാജിദ് യഹിയ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ചലച്ചിത്രതാരം മിനോൺ, ഗാനരചയിതാവ് സുഹൈൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സാമൂഹ്യമാധ്യമങ്ങൾ വഴി കയര്‍ കേരളയെ ഏറ്റവും കൂടുതല്‍ ആളുകളില്‍ എത്തിക്കുന്ന മികച്ച പോസ്റ്റിനും വീഡിയോയ്ക്കും കയർ കേരള സോഷ്യൽ മീഡിയ അവാർഡ് നൽകും. ഒന്നാം സ്ഥാനമായി 50000 രൂപയും രണ്ടാം സമ്മാനമായി 25000 രൂപയും നല്‍കും. ഏറ്റവും ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന 15 പേരെ കയർ കേരളയുടെ സമാപന ചടങ്ങിൽ ആദരിക്കും.

ടൂറിസ്റ്റുകളെയും മറ്റും ആകർഷിക്കുന്ന നിലയിൽ കയർ വ്യവസായത്തെ വികസിപ്പിക്കുന്നതിനും കയർ മേഖലയെ പുനരുദ്ധരിക്കുന്നതിനും സമൂഹമാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സോഷ്യൽ വ്യൂവേഴ്‌സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കുത്തവരെ സോഷ്യല്‍ മീഡിയ പാര്‍ട്ണര്‍മാരാക്കും. ഒരു രാജ്യാന്തര മേളയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പാര്‍ട്ണര്‍മാരാക്കുന്നത് കേരളത്തിൽ ആദ്യമാണ്.

കയര്‍ കേരള: പന്തലിന് കാല്‍നാട്ടി

ആലപ്പുഴ:അടുത്ത മാസം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കയര്‍ കേരള 2019ന്റെ പന്തല്‍ കാല്‍നാട്ട് കര്‍മം കയര്‍ മെഷിനറി മാനുഫാക്ച്വറിംഗ് കമ്പനി ചെയര്‍മാന്‍ അഡ്വ. കെ.പ്രസാദ് നിര്‍വ്വഹിച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍ പങ്കെടുത്തു. അന്തര്‍ദേശീയ, ദേശീയ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിവയ്ക്കായി ശീതീകരിച്ചവ ഉള്‍പ്പെടെ മൂന്ന് പവലിയനുകളാണ് കയര്‍ കേരളയ്ക്കായി നിര്‍മിക്കുന്നത്. ഫുഡ്കോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ആകെ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് നിര്‍മിക്കുന്നത്.

ക്യാംപസുകളില്‍ ആവേശമായി ‘കയര്‍ വണ്ടി’

ആലപ്പുഴ:ക്യാംപസുകളില്‍ ആവേശം വിതറി "കയർ വണ്ടി" പര്യടനം ഇന്ന് (വെള്ളി) രാവിലെ 11ന് ആലപ്പുഴ എസ്.ഡി കോളജില്‍ സമാപിക്കും. കയര്‍ കേരള 2019ന്റെ പ്രചരണാര്‍ഥമാണ് കയര്‍ വണ്ടി ക്യാംപസുകളില്‍ പര്യടനം നടത്തുന്നത്. ചിത്രം വരച്ച കയര്‍ പായ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിനൊപ്പംനിന്ന് സെല്‍ഫി എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് ഏറ്റവുമധികം ലൈക്ക് ലഭിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്നുണ്ട്. അനിലാഷ് സുകുമാരൻ, ലീനാ രാജ് ആർ, വി.എസ്.വിനീത്, ഐസക്ക് ജോർജ് അറോജ്, സുനിൽ കുമാർ കെ, ചന്തു രമേശ് എന്നീ കലാകാരൻമാരുടെ കൂട്ടായ്മയിലാണ് കയർ വണ്ടി രൂപം കൊണ്ടത്.

കയര്‍ കേരള പ്രചാരണത്തിന് പെണ്‍കുട്ടികളുടെ വടംവലിയോടെ ആവേശ്വജ്ജ്വല തുടക്കം

ആലപ്പുഴ:സെന്റ് ജോസഫ് കോളജിലെ എട്ടു ഡിപ്പാര്‍ട്മെന്റുകളിലെ വിദ്യാര്‍‌ഥിനികള്‍ കയര്‍ വടത്തിനിരുപുറം നിന്ന് ബലപരീക്ഷണം നടത്തിയതോടെ ഡിസംബറില്‍ നടക്കുന്ന കയര്‍ കേരള 2019ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കം. ഉദ്ഘാടകനായെത്തിയ എ.എം.ആരിഫ് എംപിയും കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ദേവകുമാറും കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീന ജോര്‍ജും മല്‍സരത്തിനു തൊട്ടുമുന്‍പു നടന്ന പ്രദര്‍ശന മല്‍സരത്തില്‍ വടത്തിന്റെ ഒരു വശത്തെ സംഘത്തിനൊപ്പം ചേര്‍ന്നതോടെ വിദ്യാര്‍ഥികളുടെ ആവേശം കൊടുമുടി കയറി.

കയർ കേരള 2019ന്റെ പ്രചരണാർത്ഥം ക്യാംപസുകളില്‍ നടത്തുന്ന വടംവലി മല്‍സരങ്ങളുടെ ഉദ്ഘാടനവും ക്യാമ്പസ് കയർ വണ്ടിയുടെ ഫ്ലാഗ് ഓഫും എ.എം.ആരിഫ് എംപി നിര്‍‌വ്വഹിച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍, എം.ഡി: ജി.ശ്രീകുമാര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അഡ്വ. ആര്‍.റിയാസ്, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീന ജോര്‍ജ്, അധ്യാപകരായ ഡോ. റീത്ത ലത, ഡോ. അഞ്ജു എം. നീലിയറ, യൂണിയന്‍ ചെയര്‍പേഴ്സന്‍ ഡി.പി. ചന്ദന എന്നിവര്‍ പ്രസംഗിച്ചു.

ഉദ്ഘാടന മല്‍സരത്തില്‍ സെന്റ് ജോസഫ് കോളജിലെ ഹോം സയന്‍സ് വകുപ്പാണ് വിജയിച്ചത്. 5000 രൂപയും ഫലകവുമാണ് വിജയികള്‍ക്ക് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും ഫലകവും സമ്മാനമുണ്ട്. ഉച്ചകഴിഞ്ഞ് യുഐടിയിലും വടംവലി മല്‍സരം നടത്തി. ഇന്ന് (13) ഉച്ചയ്ക്ക് രണ്ടിന് പുന്നപ്ര എന്‍ജിനീയറിംഗ് കോളജ്, നാളെ (14) രാവിലെ 11ന് സെന്റ് മൈക്കിള്‍ കോളജ്, രണ്ടിന് എസ്.എന്‍. കോളജ്, 15ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ എസ്.ഡി. കോളജ് എന്നിവിടങ്ങളിലും വടംവലി മല്‍സരം നടക്കും.കയര്‍പായ ഉപയോഗിച്ച് അലങ്കരിച്ചിട്ടുള്ള ക്യാംപസ് കയര്‍ വണ്ടിയില്‍ സെല്‍ഫി ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. അതിനു സമീപം നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നവരില്‍ ഏറ്റവുമധികം റീച്ച് ലഭിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും.